കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി കെ. മുഹമ്മദ് വൈ. സഫീറുള്ള ചുമതലയേറ്റു. ഇതുവരെ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ കളക്ടറേറ്റ് ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പുതിയ കളക്ടര്‍ക്ക് അധികാരം കൈമാറി.
എറണാകുളം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്്കരിച്ചിരിക്കുന്ന വികസനപരിപാടികളും നയങ്ങളും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണു ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പിന്നീട് നടത്തിയ ഹ്രസ്വമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പരിപാടികള്‍ക്കു മുന്‍ഗണന നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ റെയിലിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ പരമാവധി ശ്രമിക്കും. പ്രാധാന്യമുള്ള പദ്ധതികള്‍ ഏതൊക്കെ എന്ന് വിലയിരുത്തിയാകും നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുവരെയുള്ള വികസന പരിപാടികളും പുതിയവും വിജയകരമായി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പുതിയ കളക്ടര്‍ക്കു കഴിയട്ടെയെന്നു സ്ഥാനമൊഴിഞ്ഞ കളക്്ടര്‍ എം. ജി. രാജമാണിക്യം ആശംസിച്ചു. സേലം സ്വദേശിയായ പുതിയ കളക്ടറുടെ പിതാവ് കരാമത്തുള്ള, മാതാവ് മെഹ്താബ് ബീഗം, ഭാര്യ അസിയ യാസ്മിന്‍ എന്നിവരും സ്ഥാനമേല്‍ക്കലിന് സാക്ഷ്യം വഹിച്ചു.
കളക്ടറേറ്റ് ജീവനക്കാരും മറ്റ് വകുപ്പു മേധാവികളും അനുബന്ധ ഉദ്യോഗസ്ഥരും പുതിയ കളക്ടറെ സ്വീകരിക്കാനെത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ ജി. സുഹാസ്, അസി. കളക്ടര്‍ ഡോ. രേണു രാജ്, ആര്‍ടിഒ. പി.എച്ച് സാദിഖ് അലി, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് രഞ്ജിത് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Comments
Post a Comment