കൊച്ചി: മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന്‍ നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്. എന്നാല്‍ ഇതു സംബന്ധിച്ച അനാവശ്യ ഭീതിയും മുന്‍വിധിയുമാണു പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നത്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ഭീതിയും അജ്ഞതയും മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഈ അഭിപ്രായം. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സെക്രട്ടറിമാരും മറ്റ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉയര്‍ന്ന വരുമാനവും വിദ്യാഭ്യാസരംഗത്തെ ഉയര്‍ച്ചയുമാണ് മൊബൈല്‍ഫോണ്‍ തരംഗത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിക്ഷിപ്ത താത്പര്യത്തോടെ ഒരുവിഭാഗം മൊബൈല്‍ ടവറുകള്‍ക്കെതിരേ അനാവശ്യ വിവാദം ഉയര്‍ത്തുകയാണ്. മൊബൈല്‍ ടവറുകള്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്നുവെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്റ് മോണിട്ടറിംഗ് (ടേം...