കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഐആര്‍ഡിപി, എസ്ജിഎസ്വൈ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചുള്ള ഓണം- ബക്രീദ് വിപണനമേള സെപ്റ്റംബര്‍ ഏഴുമുതല്‍ 11 വരെ എറണാകുളത്തപ്പന് മൈതാനിയില്‍ നടത്തും.
മുന്‍വര്‍ഷത്തെപോലെ എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്കുകളില്‍ നിന്നുള്ളവരാണു മേളയില്‍ പങ്കെടുക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ മേളയില്‍ ഒരുകാരണവശാലും വന്‍കിട കമ്പനികളുടെ സ്റ്റാളുകള്‍ അനുവദിക്കരുതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ സ്ഥലം കൈയടക്കി ഇതര സ്ഥാപനങ്ങളോ കമ്പനികളോ സ്റ്റാളുകള്‍ സ്ഥാപിച്ചാല്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. തനതു ഗ്രാമീണ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണു മേള സംഘടിപ്പിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കു ഇക്കുറി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. കുടുംബശ്രീ, ഐആര്‍ഡിപി, എസ്ജിഎസ്വൈ ഉത്പന്നങ്ങള്‍ മാത്രമേ മേളയില്‍ അനുവദിക്കൂ. ആറുലക്ഷം രൂപയാണു മേളയുടെ ചെലവിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒന്നരലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വഹിക്കും. എന്നാല്‍ കഴിഞ്ഞവര്‍ഷം മേളയ്ക്കായി 12.97 ലക്ഷം രൂപയാണു ചെലവായത്. ബില്ല് എഴുതാതെ ഒരു ഉത്പന്നവും വില്ക്കാന് അനുവദിക്കില്ല.
ഓരോ ദിവസവും മേളയോടനുബന്ധിച്ചു വൈകിട്ട് അഞ്ചിന് കലാപരിപാടികള്‍ ഉണ്ടായിരിക്കും. കലാപരിപാടികള്‍ സ്പോണ്സര് ചെയ്യാന്‍ പൊതുസമൂഹത്തില്‍ നിന്നു മുന്നോട്ടുവരണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. മേളയോടനുബന്ധിച്ചുള്ള ഭക്ഷണശാലകളില്‍ ന്യായവില മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന സ്റ്റാളുകള്‍ ഒരു കാരണവശാലും മറിച്ചു നല്‍കാനും പാടില്ല. ഇത്തരക്കാരെ മേളയില്‍ നിന്നൊഴിവാക്കും.
യോഗത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ അബ്ദുള്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അയ്യപ്പന്‍കുട്ടി, ഇടുക്കി, എറണാകുളം പ്രൊജക്ട് ഓഫീസര്‍മാരായ കെ. കെ. ഷാജു, കെ. ജെ. ടോമി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
മേളയുടെ നടത്തിപ്പു ചുമതലയുമായി ബന്ധപ്പെട്ട് സംഘാടക സമിതിക്കു രൂപം നല്കി. പ്രൊഫ. കെ. വി. തോമസ് എംപിയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ. ടി. ജലീലും മുഖ്യരക്ഷാധികാരികളായിരിക്കും. ജില്ലയിലെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും കൊച്ചി കോര്പറേഷന് മേയറും രക്ഷാധികാരികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍(ചെയര്‍പേഴ്സണ്‍), ജില്ലാ കളക്ടര്‍ ( ജനറല്‍ കണ്‍വീനര്‍), ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ. വി. അബ്ദുള്‍ അസീസ് (കണ്‍വീനര്‍) എന്നിവര്‍ ജനറല്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. മറ്റ് വിവിധ കമ്മിറ്റികള്‍ക്കും യോഗത്തില്‍ രൂപം നല്കി.
Comments
Post a Comment