കൊച്ചി: സംരംഭകത്വ താല്‍പര്യമുള്ള യുവതലമുറയെ രൂപപ്പെടുത്തുന്നതിനും അദ്ധ്യാപകരിലൂടെ വിദ്യാര്‍ത്ഥികളില്‍ പുത്തനാശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച മേക്കേഴ്‌സ് വര്‍ക്ക്‌ഷോപ്പിലുടെയുള്ള സംരംഭകത്വ ഉല്‍പ്പന്നങ്ങളുടെ അവതരണവും പ്രദര്‍ശനവും 22 ന് നടക്കും. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലാണ് അവതരണവും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുള്ളത്. 22 ന് രാവിലെ 10 -ന് ഐ സി ടി ഇ മെമ്പര്‍ സെക്രട്ടറി പ്രോഫ. എ പി മിത്തല്‍, സമ്മേളനം ഉദ്ഘാടനം ചെയ്യും കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി ഐസക്ക് പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുള്‍ റഹ്മാന്‍, എ ഐ സി ടി ഇ -എസ് ഡബ്ലിയു ആര്‍ ഒ ഡയറക്ടര്‍ ഡോ. യു.രമേഷ്, എ ഐ സി ടി യു അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. മാന്‍പീത് സിംഗ് മന്നാ, കെ എസ് സി എസ് ടി ഇ പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. അജിത് പ്രഭു വി. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഫിസാറ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ക്യൂബേഷന്‍ ഓണ്‍ട്രപ്പണര്‍ഷിപ്പ് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ക്ക്‌ഷോപ്പിന്റെ ആദ്യഘട്ടത്തില്‍ മൂന്നു ദിവസങ്ങളിലായി പുതിയ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയെ സംബന്ധിച്ചുള്ള പരിശീലനം പ്രായോഗികതലത്തില്‍ നല്‍കി കഴിഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ജിബി വര്‍ഗ്ഗീസ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍മാരായ ശ്രീജിത്ത് കെ ആര്‍, അബ്ദുള്‍ ജബാര്‍ അഹമ്മദ്, ടോം ആന്റോ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ലാസുകളില്‍ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനോടകം ഇലക്‌ട്രോണിക്‌സ് എംബസ് സിസ്റ്റം ഡിസൈന്‍ പി സി ബി ഡിസൈന്‍, കാഡ് ത്രീഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളില്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിയ ശേഷമാണ് പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്. പരിശീലനത്തിനുശേഷം കഴിഞ്ഞ ഒരാഴ്ച സമയം ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിന് സമയം നല്‍കിയിരുന്നു. പ്രായോഗിക ജീവിതത്തില്‍ ഉപകാരപ്രദമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് അദ്ധ്യാപകര്‍ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ അവതരണവും പ്രദര്‍ശനവും 22 ന് രാവിലെ 9.30 ന് രജിസ്‌ട്രേഷനോടെ ആരംഭിയ്ക്കും. രാവിലെ 10 മുതല്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും അവതരണവും നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ പേറ്റന്റിംഗിനെക്കിറിച്ച് ഡോ. അജിത് പ്രഭു വി ക്ലാസ് നയിക്കും.
ചടങ്ങില്‍ ഫിസാറ്റ് കോളേജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, വൈസ് പ്രസിഡന്റ് ആന്റണി ജോണ്‍സണ്‍, ട്രഷറര്‍ പി എ ബോസ്, മാനേജ്‌മെന്റ് കമ്മറ്റിയംഗംങ്ങ ള്‍ എന്‍ എസ് എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബാര്‍ അഹമ്മദ് കെ ടി യു അസി. ഡയറക്ടര്‍ അനീഷ് കെ ജോണ്‍ പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ്ജ് ഐസക്ക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഷീല, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. കെ എസ് എം പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിക്കും.
(110-10)
കുഫോസില്‍ സിസ്റ്റം മാനേജരുടെ ഒഴിവ്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം മാനേജരുടെ ഒരു ഒഴിവുണ്ട്. യോഗ്യത : കമ്പ്യൂട്ടര്‍ അനുബന്ധ വിഷയങ്ങളില്‍ എം.ടെക്/ എം.ഇ/ എം.എസ്.സി./ എം.സി.എ./ ബി.ടെക്/ ബി.ഇ ബിരുദവും പ്രവര്‍ത്തി പരിചയവും. പ്രതിമാസ വേതനം 44,000/- രൂപ. 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസ് വെബ് സൈറ്റ് www.kufos.ac.in സന്ദര്‍ശിക്കുക.
(111-10)
ഓംബുഡ്‌സ്മാന്‍ തെളിവെടുപ്പ്
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍.ജോസഫ് ഫ്രാന്‍സിസ് ഇന്ന് (ഒക്‌ടോബര്‍ 21), 22 തീയതികളില്‍ എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും. 22-ന് കോട്ടയം/ഇടുക്കി ജില്ലകളിലെ കേസുകളാണ് പരിഗണിക്കുന്നത്.
(112-10)
റിഫൈനറി റോഡില്‍ മോക്ക് ഡ്രില്‍ 24ന്
കൊച്ചി: അനവധി ടാങ്കര്‍ ലോറികള്‍ സര്‍വീസ് നടത്തുന്ന മേഖലയായ ഇരുമ്പനത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ ഒക്‌ടോബര്‍ 24ന് നടത്തും. പുതിയറോഡ് ജംഗ്ഷനില്‍ നിന്ന് റിഫൈനറി റോഡില്‍ രാവിലെ 11.30 മുതല്‍ ഒരുമണിവരെയായിരിക്കും മോക്ക്ഡ്രില്‍. മോക്ക് ഡ്രില്‍ നടത്തുന്നതിനു മുന്നോടിയായുള്ള ആലോചനാ യോഗം ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ വകുപ്പു പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ അമ്പലമുകളില്‍ വാതകച്ചോര്‍ച്ചയും അതിനുമുമ്പ് ചിത്രപ്പുഴയില്‍ അമോണിയ ടാങ്കര്‍ ചോര്‍ച്ചയും ഉണ്ടായ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. മോക്ക് ഡ്രില്ലിനു മുന്നോടിയായി ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവയ്ക്കും. പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ആരോഗ്യം ഉള്‍പ്പെടെ അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട വകുപ്പുകളൊക്കെ പങ്കെടുക്കും. യോഗത്തില്‍ ഡിസാസ്റ്റര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബുവും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വിഭാഗം കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ റെജിയും പരിപാടികള്‍ വിശദീകരിച്ചു.
(113-10)
Comments
Post a Comment