Skip to main content

കുടിവെള്ളക്ഷാമം നേരിടാന്‍ സത്വര നടപടി മഴപ്പൊലിമ എറണാകുളം ജില്ലയിലേക്കും


 കൊച്ചി: വരാന്‍ പോകുന്ന വേനലിനെത്തുടര്‍ന്നുണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലാ ഭരണകൂടം സത്വരനടപടികള്‍ സ്വീകരിക്കും. ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിളിച്ചുചേര്‍ത്ത വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച കര്‍മപരിപാടികള്‍ക്കു രൂപം നല്‍കി. ഇതനുസരിച്ച് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്തു. ഓരോ മണ്ഡലത്തിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രത്യേകമായി തയാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ പദ്ധതികള്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, ഫണ്ട് കിട്ടാത്തതു മൂലം മുടങ്ങിക്കിടക്കുന്നത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തയാറാക്കി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കണം. 
 പ്രധാന ജലസ്രോതസുകളിലൊന്നായ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. കുടിവെള്ളം, കൃഷി എന്നിവയ്ക്കായി ഫണ്ട് ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ വിവിധ കുടിവെള്ള പദ്ധതികളില്‍ പുതിയ മോട്ടോറുകള്‍, സ്റ്റാന്‍ബൈ എന്നിവ ആവശ്യമുണ്ടെങ്കില്‍ അതു സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതിനായുള്ള ഫണ്ടിന് ജില്ലാ കളക്ടര്‍ സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. 
  തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗങ്ങളില്‍ നേരിടുന്ന കടുത്ത ജലക്ഷാമം പരിഹരിക്കുന്നതിന് ചൂണ്ടിയില്‍ ചെക്ക്ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യും. ഇതിനായി ഡിസാസ്റ്റര്‍ വിഭാഗം ഡെപ്യട്ടി കളക്ടര്‍ കെ. ബി. ബാബുവിനെ ചുമതലപ്പെടുത്തി. ഒരു താത്കാലിക സംവിധാനത്തിനു പകരം സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഇവിടെ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 
 തുതിയൂരില്‍ റോഡ് വികസിപ്പിക്കുന്നതിനായി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചുകൊടുക്കണമെന്നു വാട്ടര്‍ അതോറിറ്റിക്കും റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപിക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതു കൂടാതെ ജില്ലയില്‍ കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ അച്ചപ്പന്‍നായര്‍ കവല മുതല്‍ കരിമുകള്‍ വരെയുള്ള ഭാഗത്ത് റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാക്കി പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ അവസരമൊരുക്കണമെന്നു കെഎസ്ടിപിക്കും നിര്‍ദേശം നല്‍കി. റോഡ് പണി പൂര്‍ത്തിയാക്കാതെ പൈപ്പ് മാറ്റാന്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ നിലപാട് കണക്കിലെടുത്താണിത്. ഇതിനുള്ള ഫണ്ട് കെഎസ്ടിപിക്ക് അനുവദിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കും. 
  തൃശൂര്‍ ജില്ലയില്‍ മഴവെളളം സംഭരിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന മഴപ്പൊലിമ പദ്ധതി എറണാകുളം ജില്ലയിലും നടപ്പിലാക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.  ഇതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണു മുന്നിട്ടിറങ്ങേണ്ടത്. നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ വേനലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഡിസാസ്റ്റര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബു, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് ബീന ആനന്ദ്, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, കെഎസ്ടിപി, കെഎസ്ഇബി ഉള്‍പ്പെടെ മറ്റ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ജനപങ്കാളിത്തവുമായി മഴപ്പൊലിമ
  കൊച്ചി: മഴവെള്ളം സംഭരിക്കാനും സംരക്ഷിക്കാനും തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടി രിക്കുന്ന പദ്ധതിയാണ് മഴപ്പൊലിമ. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് ജനപങ്കാളിത്തത്തോടെ നാലരലക്ഷം കിണറുകളില്‍ മഴവെള്ളമെത്തിക്കുന്ന ഈ പരിപാടിക്ക് ആവേശകരമായ പ്രതികരണമാണു ലഭിക്കുന്നത്. സാമൂഹികമായ ബോധവത്കരണവും കര്‍മപരിപാടികളുമാണ് ഇതിന് അടിസ്ഥാനം. വീടുകളുടെ മേച്ചിലുകളില്‍ വീഴുന്ന വെള്ളം ഒട്ടും പാഴാക്കാതെ സമീപത്തെ കിണറുകളില്‍ എത്തിക്കുന്നു. തീരമേഖലയില്‍ ഏറ്റവും യോജ്യമാണ് ഈ പദ്ധതിയെന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഉപ്പുരസമില്ലാത്ത ഏറ്റവും ശുദ്ധമായ വെള്ളമാണ് ഇതിലൂടെ ലഭിക്കുന്നത്. ആദ്യമഴയോടെ വീടുകളുടെ മേച്ചില്‍ വൃത്തിയാക്കപ്പെടുന്നു. മഴപ്പൊലിമ ആദ്യമായി എല്ലാവീടുകളിലും സമ്പൂര്‍ണമായി നടപ്പിലാക്കിയതിന്റെ സംസ്ഥാനതല ബഹുമതി തിരുവില്വാമല ഗ്രാമപഞ്ചായത്തിനാണ്.
  ജില്ലയില്‍ ഇതുവരെ 20,000 കിണറുകളില്‍ ഇത്തരത്തില്‍ മഴവെള്ളമെത്തിക്കുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.

കരാര്‍ നിയമനം
കൊച്ചി: ജില്ലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 16 താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്‌ടോബര്‍ 31 ന് മുമ്പായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ലഭിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം. (അപേക്ഷകര്‍ നിര്‍ബന്ധമായും അവരവരുടെ ഫോണ്‍ നമ്പര്‍ അപേക്ഷയില്‍ ചേര്‍ക്കണം)
എല്‍.ഡി. ക്ലര്‍ക്ക് 17,000/-രൂപ, (പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവര്‍ക്ക് മുന്‍ഗണന)  എല്‍.ഡി ടൈപ്പിസ്റ്റ് 17,000/- രൂപ, (പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത),പ്യൂണ്‍/ഒ.എ 14,000/- രൂപ, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത,  പി.റ്റി സ്വീപ്പര്‍ 7000/- രൂപ എന്നീ തസ്തികകളിലേക്കാണ് നിയമനം.

കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി
കൊച്ചി: കയര്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി അംഗമാക്കുന്നതിനുളള ആബി ഇന്‍ഷ്വറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും  സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍.ഐ.സി വഴി നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടപടികളാണ് ആരംഭിച്ചിട്ടുളളത്. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ കയര്‍ തൊഴിലാളികള്‍ക്കും ആബി അംഗത്വത്തിന് അര്‍ഹതയുണ്ട്. കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമാ യോജന പദ്ധതി വഴി എല്‍.ഐ.സി യുടെ ആബി അംഗത്വം എടുത്തവരും നിലവില്‍ ആബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരും വീണ്ടും അംഗമാകേണ്ടതില്ല. രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ചെയ്യാവുന്നതാണ്.
18 നും 59 നും ഇടയില്‍ പ്രായമുളള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള ഏതൊരാള്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ വഴി ആബീ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാം. ഇതിനായി തൊഴിലാളികള്‍ റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക് എന്നീ രേഖകളുമായി അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി രജിസ്‌ട്രേഷന്‍ ഫീസായി 15 രൂപ നല്‍കിയാല്‍ ആബീ ഇന്‍ഷ്വറന്‍സില്‍ അംഗമാകാമെന്ന് ക്ഷേമനിധി ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇപ്രകാരം ആബി ഇന്‍ഷ്വറന്‍സില്‍ അംഗമായതിനുശേഷം പോളിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം ക്ഷേമനിധി ഓഫീസില്‍ നല്‍കിയാല്‍ മതിയാകും. കയര്‍ മേഖലയിലെ എല്ലാ തൊഴിലാളികളും ഈ അവസരം വിനിയോഗിച്ചു ആബിയില്‍ അംഗമാകണമെന്നും അതുവഴി പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
 കൊച്ചി: മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ വെളളാരംകുത്ത് കോളനിയില്‍ ബഡ് ചെയ്തശേഷം രണ്ട് വര്‍ഷം പ്രായമുളളതും രണ്ടടി ഉയരത്തില്‍ കുറയാത്തതും രണ്ട് തട്ട് ഇലയുളളതുമായ 750 ജാതി തൈകള്‍ (ഗതാഗത ചിലവടക്കം) വിതരണം ചെയ്യുന്നതിന് അംഗീകൃത നഴ്‌സറികളില്‍ നിന്നും ദര്‍ഘാസ് മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 26 ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

തൊഴില്‍ അഭിമുഖം നാളെ(20)
  കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നാളെ(20) അഭിമുഖം നടത്തും. കംപ്യൂട്ടര്‍ കെയര്‍ സപ്പോര്‍ട്ട്, ഡാറ്റാ എന്‍ട്രി, ഐടി ഐ, ബിടെക് മെക്കാനിക്കല്‍, ടെക്ക്‌നീഷ്യന്‍( ഐടി ഐ) തസ്തികകളിലേക്കാണ് ഒഴിവുകള്‍. യോഗ്യത: പ്ലസ്ടു, ബിരുദം, ഡിപ്‌ളോമ. പ്രായം 18-19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2427494.   
Attachments area

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...