ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്ന ബി.പി.എല്‍ വിഭാഗം രോഗികള്‍ക്ക് ബ്രെഡ് ലഭ്യമാക്കുന്നതിന് താത്പര്യമുളള ബ്രെഡ് ഉത്പാദകരില്‍ നിന്നും മത്സരാധിഷ്ഠിത താത്പര്യപത്രം ക്ഷണിച്ചു. ഗുണമേന്മയുളള ബ്രഡ് മാത്രമേ വിതരണം ചെയ്യുന്നുളളൂ എന്ന് വിതരണക്കാര്‍ ഉറപ്പു വരുത്തേണ്ടതാണ്. താത്പര്യപത്രത്തില്‍ ഭാരം (ഗ്രാം) വില, ജി.എം.സി സര്‍ട്ടിഫിക്കറ്റ്, എഫ്.എസ്.എസ്.എ.ഐ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കണം. വിശദാംശങ്ങള്‍ ഇല്ലാത്ത ക്വട്ടേഷനുകള്‍ നിരസിക്കുന്നതായിരിക്കും. ക്വട്ടേഷനുകള്‍ മെഡിക്കല്‍ സൂപ്രണ്ട്, ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രി, കളമശേരി, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2754456.
(124-10)
തേക്ക് തടി ചില്ലറ വില്പനയ്ക്ക്
കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്തുളള വീട്ടൂര്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യത്തിനുളള തേക്ക് തടികളുടെ ചില്ലറ വില്പന നവംബര്‍ ഏഴു മുതല്‍ ആരംഭിക്കും. സ്വന്തം വീട് പണിക്ക് തടി ആവശ്യമുളളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള ബില്‍ഡിംങ് പെര്‍മിറ്റ്, അംഗീകൃത പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10-ന് ഡിപ്പോ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2768640, 8547604403.
എക്‌സൈസ് കലാ-കായിക മേള 2016
കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കലാ-കായിക മേളയുടെ ഭാഗമായുളള ജില്ലാതല മത്സരങ്ങള്‍ ഇന്ന് (ഒക്‌ടോബര്‍ 23) ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്നു. കലാ-കായിക മേള എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷര്‍ എ.കെ.നാരായണന്‍കുട്ടി രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ വിവിധ മൈതാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 200 ഓളം താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളിലെ വിജയികള്‍ നവംബര്‍ 22, 23 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിക്കും. മധ്യമേഖല മത്സരങ്ങള്‍ ഒക്‌ടോബര്‍ 29-ന് എറണാകുളത്ത് നടത്തും.
)
മികച്ച റെസിഡന്റ്‌സ് അസോസിയേഷന് എംഎല്‍എയുടെ
മഹാത്മജി പുരസ്‌കാരം
കൊച്ചി: സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയായ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച റെസിഡന്റ് അസോസിയേഷന് മഹാത്മജി പുരസ്‌കാരം നല്‍കുമെന്ന് പി. ടി. തോമസ് എംഎല്‍എ അറിയിച്ചു. ഒരു സ്വതന്ത്ര കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി റെസിഡന്റ്‌സ് അസോസിയേഷനുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്തി പത്രവും ഫലകവും മറ്റു സമ്മാനങ്ങളും കൂടാതെ വിജയികളായ അസോസിയേഷന്റെ പരിധിക്കകത്ത് അസോസിയേഷന്‍ നിര്‍ദേശിക്കുന്ന എംഎല്‍എ ഫണ്ട് വര്‍ക്കും ലഭിക്കും. ഒന്നാംസ്ഥാനക്കാര്‍ക്ക് പത്തുലക്ഷവും രണ്ടാം സ്ഥാനത്തിന് ഏഴുലക്ഷവും മൂന്നാംസ്ഥാനത്തിന് അഞ്ചുലക്ഷവും എം എല്‍ എ ഫണ്ട് വര്‍ക്ക് നല്‍കും. കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലും രണ്ടായിട്ടാണ് വിലയിരുത്തുന്നത്. പ്രോത്‌സാഹന സമ്മാനമായി ആറ് അസോസിയേഷനുകള്‍ക്ക് മൂന്നുലക്ഷം രൂപയുടെ ഫണ്ട് വര്‍ക്കും നല്‍കും.
റോഡിനു മുന്‍വശം താമസിക്കുന്ന അസോസിയേഷന്‍ അംഗങ്ങളുടെ റോഡ് പരിസരം ഭംഗിയായി പരിപാലിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക കാഷ് അവാര്‍ഡ് നല്‍കുമെന്ന് എം എല്‍ എ അറിയിച്ചു. മൂന്നുഘട്ടമായിട്ടാണ് വിലയിരുത്തല്‍ നടത്തുന്നത്. അസോസിയേഷന്‍ പരിധിയില്‍ ഒരു മാതൃകാ റോഡ്, കാരുണ്യ പ്രവര്‍ത്തനം, വിശദമായ വിലയിരുത്തല്‍ എന്നിവ. അവാര്‍ഡ് ദാന ദിവസം സഹൃദയ സംവാദവും നടത്തും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പാലാരിവട്ടത്ത് ബിഎസ്എന്‍എല്‍ ഓഫീസിന് അടുത്തുള്ള എംഎല്‍എ ഓഫീസില്‍ നിന്നു ലഭിക്കും.
ആര്‍ടിഎ യോഗം നവംബര്‍ ഒമ്പതിന്
കൊച്ചി: എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അടുത്ത യോഗം നവംബര്‍ ഒമ്പതിന് രാവിലെ 11ന് ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
മുച്ചക്ര വാഹനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് രാജഹംസം എന്ന പേരില്‍ ജില്ലയിലെ വിഭിന്ന ശേഷിയുള്ളവര്‍ക്കായി മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ ഏഴിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം. അപേക്ഷകന്‍ 40 ശതമാനമോ അതില്‍ക്കൂടുതലോ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുതെന്നു കാണിച്ചുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. 60 വയസ് കവിയാന്‍ പാടില്ല. മുമ്പ് വാഹനം ലഭിച്ചവര്‍ അപേക്ഷിക്കരുത്.
കുടിവെള്ളം: മുന്‍കരുതല്‍ നടപടികള്‍ക്കു ജില്ലാ വികസന സമിതി നിര്‍ദേശം
കൊച്ചി: രൂക്ഷമായ വേനല്‍ മുന്നില്‍ക്കണ്ട് കുടിവെള്ള പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മുന്‍ഗണന നല്‍കാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്്ഥര്‍ക്കു നിര്‍ദേശം നല്‍കി. കനാലുകള്‍ വൃത്തിയാക്കുക, പൊട്ടിയ പൈപ്പുകള്‍ മാറ്റുക, പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി നടത്തുക, മോട്ടോറുകള്‍ മാറിവയ്ക്കുക തുടങ്ങി കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയ്ക്കും കെ എസ് ഇ ബിയ്ക്കും സമിതിയോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ എംഎല്‍എമാരായ പിടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി. പി. സജീന്ദ്രന്‍, കെ. ജെ. മാക്‌സി, ഹൈബി ഈഡന്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ജില്ലാ ബാങ്ക് പ്രസിഡന്റ് വി. ജെ. പൗലോസ്, അസി. കളക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ വകുപ്പു പ്രതിനികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കോതമംഗലം- മുവാറ്റുപുഴ റോഡില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നു എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നയിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കണം.
കുടിവെള്ളത്തിനോ മറ്റാവശ്യങ്ങള്‍ക്കോ റോഡ് മുറിക്കുമ്പോള്‍ അക്കാര്യം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുക മാത്രമല്ല വകുപ്പുകള്‍ പരസ്പരം അറിഞ്ഞിരിക്കണമെന്ന് പി. ടി. തോമസ് എം എല്‍ എ നിര്‍ദേശിച്ചു. ഇരുമ്പനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധന അവിടെ നിന്നു മാറ്റുന്നതിന് യോജ്യമായി കണ്ടെത്തിയ സ്ഥലത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടായാല്‍ അതിനു തയാറാണെന്ന് ആര്‍ടിഒ പി. എച്ച് സാദിക്ക് അലി അറിയിച്ചു.
മുവാറ്റുപുഴ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ യോഗത്തില്‍ എല്‍ദോ ഏബ്രഹാം ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി ലഭിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലസ്രോതസായ പാടശേഖരങ്ങള്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍ദേശിച്ചു. കനാലുകളിലും മാലിന്യ വാഹക നിര്‍ഗമനങ്ങളിലും നടത്തിയിട്ടുള്ള കയ്യേറ്റങ്ങള്‍ സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ തെരുവു നായ ശല്യം കുറയ്ക്കുന്നതിനു മുമ്പ് വീടുകളില്‍ വളര്‍ത്തുന്ന മുഴുവന്‍ പട്ടികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഈ പട്ടികളെ മുഴുവന്‍ വന്ധ്യംകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ പറഞ്ഞു. വീടുകളില്‍ ഉപേക്ഷിക്കുന്ന പട്ടികളാണ് പിന്നീട് തെരുവില്‍ ആക്രമണകാരികളാകുന്നത്. ചോറ്റാനിക്കര ക്ഷേത്ര പരിസരത്തുള്ള ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം റോഡുകളിലെ ഓടകളിലേക്ക് പരസ്യമായി ഒഴുക്കുകയാണെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് പറഞ്ഞു.
ജില്ലാ കളക്ടറേറ്റിനു മുന്നില്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി തുറന്ന സ്ഥലമായി ഒഴിച്ചിടണമെന്നു പി. ടി. തോമസ് എം എല്‍ എല്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കണം. ആലുവ- പൈപ്പ്‌ലൈന്‍ റോഡിന്റെ വശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ പച്ചക്കറി കൃഷി നടത്തുന്നതിന് കുടുംബശ്രീയെ ഏല്‍പ്പിക്കണം. സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഗ്രീന്‍ കാര്‍പെറ്റിനെക്കുറിച്ച് ടൂറിസം വകുപ്പ് പ്രതിനിധിയും ദേശീയ ഭക്ഷ്യസുരക്ഷാനനയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ റേഷന്‍ കാര്‍ഡിനെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസറും വിശദീകരിച്ചു.
ജില്ലയില്‍ ഒഡിഎഫ് പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ യത്‌നിച്ച ജില്ലാ ഭരണകൂടത്തിനും എംഎല്‍എ മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യോഗത്തിന്റെ പേരില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ നന്ദിയും അഭിനന്ദങ്ങളും അറിയിച്ചു.
Comments
Post a Comment