കൊച്ചി: ജില്ലാ ഭരണകൂടവും ചൈല്‍ഡ് കെയര്‍ സെന്ററും ചേര്‍ന്ന് ആവിഷ്കരിച്ച കേള്‍വി സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കളുടെ കേള്‍വി നിര്‍ണയത്തിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 16 മുതല്‍ ഗാന്ധിനഗറിലുള്ള ചൈല്‍ഡ് കെയര്‍ സെന്ററിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 0484 2203254 എന്ന നമ്പറില്‍ രാവിലെ പത്തു മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്നാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചൈല്‍ഡ് കെയര്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്.
ചൈല്‍ഡ് കെയര്‍ സെന്ററിന്റെ സ്വരം പദ്ധതിയിലൂടെ ഇതിനകം 1.40 ലക്ഷം കുട്ടികളിലാണ് കേള്‍വി പരിശോധന നടത്തിയത്. ഇതില്‍ 200 പേര്‍ക്ക് ജന്മനാ കേള്‍വിക്കുറവുള്ളതായി കണ്ടെത്തി. എറണാകുളം മോഡല്‍ എന്നറിയപ്പെടുന്ന ഈ പദ്ധതിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചിരുന്നു. ശ്രവണ വൈകല്യമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ശ്രവണ സഹായികളും ചൈല്‍ഡ് കെയര്‍ സെന്റര്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ചൈല്‍ഡ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എബ്രഹാം കെ പോള്‍ എന്നിവര്‍ അറിയിച്ചു.
ജനിച്ച് ആറു മാസത്തിനുള്ളില്‍ ശ്രവണവൈകല്യം കണ്ടുപിടിക്കാനായല് മിക്കവാറും കുട്ടികളില്‍ ശ്രവണസഹായി കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ചെലവേറിയ കോക്ലിയര്‍ ഇംപ്ലാന്റ് വേണ്ടിവരില്ല. ഇംപ്ലാന്റിനായി കാത്തിരിക്കുന്നവര്‍ക്കും ഇത് പ്രായോഗികമല്ലാത്തവര്ക്കും ശ്രവണസഹായി ചെറിയ തോതില്‍ സഹായകമാകുമെന്ന് ഡോ. എബ്രഹാം കെ പോള്‍ പറഞ്ഞു. നവജാത ശിശു കേള്‍വി പരിശോധന, സൗജന്യ ശ്രവണ സഹായി വിതരണം എന്നിവയിലൂടെ എറണാകുളത്തെ കുട്ടികളുടെ കേള്‍വി സൗഹൃദ ജില്ലയാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെയും ചൈല്‍ഡ് കെയര്‍ സെന്ററിന്റെയും ലക്ഷ്യം.
Comments
Post a Comment