റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും
ഗന്ധമറിയുന്ന വകുപ്പാക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കൊച്ചി: റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പായി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. ജോലിയോടുള്ള താത്പര്യക്കുറവിന്റെ പേരില്‍ ഒരു ഫയലും വച്ചുതാമസിപ്പിക്കാന്‍ പാടില്ല. ചിലയിടങ്ങളില്‍ നിന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ഡെപ്യൂട്ടി കളക്ടര്‍മാരുവരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് അതൃപ്തി തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ പ്രവര്‍ത്തന ശൈലിയാണു കാരണം. ഫയലുകള്‍ തീര്‍പ്പുകല്പിക്കുന്നതിലെ കാലതാമസമാണ് ഇതിനു പിന്നില്‍. ജനങ്ങള്‍ വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കപ്പെടണം. പലതരത്തിലുള്ള ഫയലുകള്‍ മുന്നിലെത്തും. അതില്‍ പല തീരുമാനങ്ങളെടുക്കേണ്ടിവരും. പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ക്കു മുന്‍ഗണന നല്‍കി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം. താഴെത്തട്ടില്‍ തീര്‍ക്കാവുന്ന ഫയലുകള്‍ മന്ത്രിതലത്തില്‍ വരെ എത്തിക്കാന്‍ ശ്രമിക്കരുത്. അത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലിന്റെ ലക്ഷണമാണ്. വില്ലേജിലും താലൂക്കിലും കളക്ടറേറ്റിലും പരിഹരിക്കപ്പെടേണ്ട ഫയലുകള്‍ അവിടം കൊണ്ടു തന്നെ തീരണം. സംഘടിത ശക്തി അസംഘടിതന്റെ മേല്‍ പ്രയോഗിക്കാതിരിക്കാന്‍ ഓരോ ജീവനക്കാരനും ശ്രദ്ധിക്കണം. വീഴ്ചകള്‍ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു മ്ര്രന്തി പറഞ്ഞു.
റീസര്‍വെ നടപടികള്‍ നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി സര്‍വെയര്‍മാരെ പുനര്‍വി ന്യസിച്ചുകഴിഞ്ഞു. തലസ്ഥാനത്ത് മാത്രം പ്രവര്‍ത്തന സൗകര്യത്തിന്റെ പേരില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേരെ അവരവരുടെ നിയമന ജില്ലകളിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു കഴിഞ്ഞു. എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്തിരുന്ന 28 പേരെ തിരികെ നിയമിച്ചുകഴിഞ്ഞു. റീസര്‍വെ നടപടികള്‍ നാട്ടിലെ മറ്റ് ജനപ്രതിനിധികളും പൊതുജനങ്ങളും അറിഞ്ഞു ചെയ്യുന്ന വലിയ സംഭവമാക്കി മാറ്റണം. അല്ലാതെ വീടിന്റെ ഭിത്തിയില്‍ നോട്ടീസ് ഒട്ടിച്ചുപോകുന്ന ചടങ്ങാക്കി മാറ്റരുത്. ജനങ്ങളുമായി സൗഹൃദത്തിലുള്ള ഒരു റീസര്‍വെ നടപടിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 1970ല്‍ സമഗ്ര ഭൂപരിഷ്‌കരണം നടപ്പിലാക്കിയിട്ട് 46 വര്‍ഷം പിന്നിടുമ്പോഴും ഭൂമിക്കു വേണ്ടി ജനങ്ങളുടെ കാത്തിരിപ്പു തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ആസൂത്രണ ഫണ്ട് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണം. വില്ലേജ് ഓഫീസ് മുതല്‍ താലൂക്ക് ഓഫീസ് വരെ ഏറ്റവും മികവാര്‍ന്നത് ആക്കുക എന്നതാണ് ലക്ഷ്യം. ഓരോരുത്തരും ഒരു സര്‍ക്കാര്‍ ആകണം. എനിക്കുളള ബാധ്യത ഞാന്‍ തന്നെ നിറവേറ്റുന്ന സമീപനം സ്വീകരിക്കാന്‍ അദ്ദേഹം ജീവനക്കാരോടു നിര്‍ദേശിച്ചു. 2008 മുതല്‍ നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ചുള്ള ഡാറ്റാബാങ്ക് തയാറാക്കുന്ന ജോലി പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ നിലം നികത്തലിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പിലെ ഒരാള്‍ പോലും അറിയാതെ നിലം നികത്തില്ലെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യഘട്ടങ്ങളില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും പറഞ്ഞു. ദുരന്തനിവാരണം സംബന്ധിച്ച് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
യോഗത്തില്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരും തഹസില്‍ദാര്‍മാരും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൂലമ്പിള്ളി വിഷയം സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ എംപി. ജോസ് അവതരിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട കൈയേറ്റങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഫോര്‍ട്ട്‌കൊച്ചി, ആലപ്പുഴ, കോട്ടയം സബ്കളക്ടര്‍മാരുടെ സമിതിക്കു രൂപം നല്‍കിയിട്ടുണ്ടെന്നും നവംബര്‍ 23ന് സമിതി യോഗം ചേരുമെന്നും ഡെപ്യൂട്ടി കളക്ടര്‍ സിദ്ധാര്‍ഥന്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ ഡോ. അദില, എഡി എം സി. കെ. പ്രകാശ് എന്നിവരും മന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
പിഎസ്‌സി അറിയിപ്പുകള്‍
കോട്ടയം ജില്ലയില്‍ വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശാരീരിക അളവെടുപ്പും കായികാക്ഷമതാ പരീക്ഷയും ആരംഭിച്ചു. നവംബര്‍ 28വരെ പോലീസ് പരേഡ് ഗ്രൗണ്ട് , എസ്എച്ച് മൗണ്ട് ഹൈസ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലാണ്.
എറണാകുളം ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ കോണ്‍സ്റ്റബിള്‍ (എന്‍സിഎ- എല്‍സി, മുസ്‌ലിം, എസ്‌ഐയുസി നാടാര്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള കായികാക്ഷമതാ പരീക്ഷ ഡിസംബര്‍ ഒന്നിന് ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസ് മൈതാനിയില്‍ നടത്തും.
കൊല്ലം ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പാര്‍ട്ട് ഒന്ന് തസ്തികയിലേക്ക് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 25ന് രാവിലെ എട്ടിന് പിഎസ്‌സി തൃശൂര്‍ ജില്ലാ ഓഫീസില്‍ നടത്തും.
കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട ്(എന്‍സിഎ എല്‍സി) തസ്തികയുടെ അഭിമുഖം നവംബര്‍ 25ന് പിഎസ്‌സി ജില്ലാ ഓഫീസില്‍ രാവിലെ പത്തുമുതല്‍ നടത്തും.
Comments
Post a Comment