ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര
നടപടി വേണം: ജില്ലാ വികസനസമിതി
കൊച്ചി: നഗരത്തിനകത്ത് ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. വൈറ്റിലയ്ക്കടുത്ത് തിരക്കുള്ള പ്രദേശങ്ങളില്‍ ട്രാഫിക് വാര്‍ഡന്റെ സേവനം അത്യാവശ്യമാണ്. ഗതാഗതം നിയന്ത്രിക്കാനായി ട്രാഫിക് പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശചെയ്യാന്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗം തീരുമാനിച്ചു.
വൈറ്റിലയ്ക്കടുത്ത് മെഡിക്കല്‍ സെന്റര്‍, ചക്കരപ്പറമ്പ്, പൊന്നുരുന്നി, ഒബ്റോണ്‍ മാള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്ന് യോഗത്തില്‍ സംസാരിച്ച പി.ടി.തോമസ് എംഎല്‍എ ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ കുറയ്ക്കാനായി വൈറ്റില ഹബിനടുത്ത് സിഗ്നല്‍ വയ്്ക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളെക്കുറിച്ചാലോചിക് കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കും.
നഗരത്തില്‍ മാത്രമല്ല കൂത്താട്ടുകുളം ടൗണ്പോലുള്ള പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനകാലത്ത് കൂത്താട്ടുകുളം ഭാഗത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ നിന്ന് വൈറ്റിലയിലേക്ക് വരുന്നവര്‍ക്കും വൈറ്റിലയ്ക്കടുത്തുള്ള അപ്രോച്ച് റോഡുകളിലും യാത്രാക്ളേശം അനുഭവപ്പെടുന്നുണ്ടെന്ന് വി.പി. സജീന്ദ്രന് എംഎല്‍എയും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാക്ളേശം ഉണ്ടാവാത്ത വിധത്തില്‍ വൈറ്റിലഭാഗത്തെ ഗതാഗതം പുനക്രമീകരിക്കണമെന്ന് ജില്ലാവികസനസമിതിയോഗം ആവശ്യപ്പെട്ടു. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്റ്റേഷന് കവല സ്റ്റോപ്പ് ഒഴിവാക്കിക്കൊണ്ട് പുനക്രമീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് പല ബസുകളും സര്‍വീസ് നിര്ത്തിയതിനെത്തുടര്ന്നുണ്ടാ യ യാത്രാക്ളേശം പരിഹരിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. ആലുവയില്‍ നടത്തിയ ട്രാഫിക്പരിഷ്കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതെക്കുറിച്ചുള്ള വിശദമായ പഠനത്തിനുശേഷം ഗതാഗതം പുനക്രമീകരിക്കാന്‍ വികസനസമിതിയോഗം ശുപാര്‍ശ ചെയ്തു. കരിങ്ങാച്ചിറ ഭാഗത്ത് ആര്‍ടിഒ-യുടെ വാഹനപരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും വാഹനപരിശോധന കരിമുകളിലേക്കോ മറ്റ് ലഭ്യമായ ഇടത്തേക്കോ മാറ്റണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തെതുടര്‍ന്ന് ഇതു സംബന്ധിച്ച ക്യാമ്പുകള്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്ന ഇടങ്ങളില്‍ ക്യാമ്പ് ആരംഭിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവകേരളാമിഷന്റെ ഭാഗമായി ഡിസംബര്‍ 8-ന് ശൗചാലയങ്ങളും ഓഫീസ് പരിസരവും വൃത്തിയാക്കുന്നതിനായി തുടര്‍ നിര്‍ദേശം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എം.സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു. രാമമംഗലത്തെ താത്കാലികബണ്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂണ്ടിയില്‍ മൂവാറ്റുപുഴ ഭാഗത്തുള്ള റോഡില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ശക്തമാണ്്. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ജില്ലാകളക്ടറുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍1-ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം വിളിക്കാന്‍ തീരുമാനമായി.
വടുതല, കടവന്ത്ര, ഉദയനഗര്‍, ലൂര്‍ദ് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഹൈബി ഈഡന് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ പൈപ്പിടല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പെരിയാര്‍വാലി കനാല്‍ ശുചീകരണപദ്ധതികള്‍ നടപ്പാക്കുന്നതിനായി തൊഴിലുറപ്പുപദ്ധതിയ്ക്കു പുറമെ ജലസേചനവകുപ്പുമായി ചേര്‍ന്ന് സംയുക്ത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. കനാലുകള്‍ വൃത്തിയാക്കാനും കനാലുകള്ക്കുചുറ്റുമുള്ള കയ്യേറ്റം പരിശോധിക്കാനും യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറികള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കണമെന്നും മാലിന്യം പൊതുസ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനായി ഇത്തരം ലോറികളുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ ശേഖരിക്കാനും യോഗം ആവശ്യപ്പെട്ടു. ബ്രഹ്മപുരം മാലിന്യപഌന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും യോഗം ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ കൊണ്ടു പോകുന്നതിന് കവചിത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു.
താലൂക്ക് വികസനസമിതികള്‍ രൂപീകരിക്കണമെന്നും ജനങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ എംഎല്‍എമാര്‍ക്കു പുറമെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാ പഌനിംഗ് ഓഫീസര്‍ സാലി ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കാര്‍ക്കെതിരെ
ഉന്നതതലഅന്വേഷണം വേണം: ജില്ലാ വികസനസമിതി
കൊച്ചി: മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) പെരിയാറിലേക്ക് മാലിന്യമൊഴുക്കി വിടുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥര്‍ സമ്മര്ദ്ദത്തിലാഴ്ത്തുന്നുവെന് നും യോഗത്തില്‍ ചര്‍ച്ച വന്നതിനെത്തുടര്‍ന്നാണിത്.
സിഎംആര്‍എല്‍ മലിനീകരണമൊന്നും നടത്തുന്നില്ലെന്ന് മലിനീകരണനിയന്ത്രണബോര്‍ഡിലെ എലൂര്‍ വിഭാഗത്തിലെ എന്‍വയോണ്‍മെന്റ് എഞ്ചിനീയറായ എംപി ത്രിദീപ്കുമാറിന്റെ പത്രപ്രസ്താവന പിടി തോമസ് എംഎല്‍എ യോഗത്തില്‍ ഉന്നയിക്കുകയും വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മറുപടി പറഞ്ഞ
ത്രിദീപ് കുമാര്‍ താന്‍ അങ്ങനെയൊരു പ്രസ്താവന നല്‍കിയിട്ടില്ലെന്നും സിഎംആര്‍എല്‍-നെതിരെ റിപ്പോര്‍ട്ടു നല്കിയ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളുടെ ഭാഗമാണിതെന്നും വിശദീകരിച്ചു.
സെപ്തംബര്‍ 23-ന് സിഎംആര്‍എല്‍ മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയതായി മലിനീകരണനിയന്ത്രണബോര്‍ഡ് മനസ്സിലാക്കുകയും അതേ തുടര്‍ന്ന് സെപ്തംബര്‍ 27-ന് സിഎംആര്‍എല്‍-ന് വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തു. അന്നേദിവസം തന്നെ ത്രിദീപ്കുമാറിന്റെ നടപടിക്കെതിരെ ബോര്‍ഡ് ചെയര്മാന് മൂന്നംഗ അന്വേഷണകമ്മീഷന് രൂപീകരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു. സിഎംആര്‍എല്‍ മാലിന്യമൊഴുക്കിയതിനെക്കുറിച്ചു ള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ത്രിദീപ്കുമാര്‍ ഒക്ടോബര്‍ 4-ന് അന്വേഷണകമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് സിഎംആര്‍എല്‍-ന്റെ വിശദീകരണം ലഭിച്ച ശേഷവും കമ്പനി ഗുരുതരമായ മാലിന്യപ്രശ്നമുണ്ടാകുന്നുവെന് ന് കാണിച്ച് ഒക്ടോബര്‍ 27-നും നവംബര്‍ 7-നും ത്രിദീപ്കുമാര്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി. പലവിധസമ്മര്‍ദ്ദങ്ങള്‍ താനനുഭവിച്ചുവെന്നും ഇതിന്റെ ഭാഗമായാണ് താന്‍ നടത്താത്ത പ്രസ്താവനകള്‍ ചില പത്രങ്ങളിലൂടെ വരുന്നതെന്നും ഉദ്യോഗസ്ഥന് വിശദീകരിച്ചു. നിഷേധക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും അവ പ്രസിദ്ധീകരിക്കുകയുണ്ടായില്ല.
യോഗത്തില്‍ സംബന്ധിച്ച എലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിജി ബാബു ത്രിദീപ് കുമാറിനെ പിന്താങ്ങുകയും സിഎംആര്‍എല്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കിണറുകളിലും പുഴയിലും മാലിന്യങ്ങള്‍ കലരുന്നതു മൂലം രൂക്ഷമായ പ്രശ്നമാണ് നാട്ടുകാര്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. സ്വന്തം കടമ നിര്‍വഹിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റുന്ന അഴിമതിക്കാരായ മേലുദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പി ടി തോമസ് എംഎല്‍എ പ്രമേയമവതരിപ്പിക്കുകയും യോഗം എകകണ്ഠമായി പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.
ക്ഷേമനിധി ബോര്‍ഡ് ഇന്നു പ്രവര്‍ത്തിക്കും
കൊച്ചി: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന് ഇന്ന് പ്രവര്‍ത്തിദിനമായിരിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
മാറ്റിവച്ചു
കൊച്ചി: സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കാര്‍ഡ് ഉടമകളുടെ കരട് പട്ടികയില്‍ നവംബര്‍ 28ന് നടത്താനിരുന്ന തെളിവെടുപ്പ് 29ലേക്ക് മാറ്റിയതായി സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു.
കുടുംബത്തിനുളളില്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ കുട്ടികള്‍ക്ക്
അവസരം നല്‍കണം : ജസ്റ്റിസ് ബി. കെമാല്‍ പാഷ
കൊച്ചി: കുട്ടികള്‍ക്ക് കുടുംബത്തിനുളളില്‍ മനസ്സ് തുറന്ന് സംസാരിക്കാനും അഭിപ്രായം പറയാനും അവസരം നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് സംഘടിപ്പിച്ച സംവാദം എന്ന ബോധവല്‍ക്കരണപരിപാടി കാക്കനാട് കളക്റ്ററേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസാരിക്കാനും അഭിപ്രായം പറയാനും ഭരണഘടന നല്കുന്ന അവകാശം തടയാന്‍ മാതാപിതാക്കള്‍ ശ്രമിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ മനസ്സില്‍ ഉദിക്കാത്ത ആശയങ്ങള്‍ കുട്ടികളില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍നിന്ന് ലഭിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. അവരില്‍നിന്ന് ലഭിക്കുന്ന ആശയങ്ങള്‍ തെറ്റാണെങ്കില്‍ അവ തിരുത്തിനല്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. കുട്ടികള്‍ ഒരിക്കലും മാതാപിതാക്കളെ ഭയന്ന് ജീവിക്കുന്നവര്‍ ആകരുത്. സ്കൂളിലെയും പുറത്തെയും എല്ലാ സംഭവവികാസങ്ങളും അച്ഛനമ്മമാരുമായി പങ്കുവെയ്ക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. പുറത്തുപോയിവരുന്ന കുട്ടിയുടെ മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കാനും അതിനു കാരണം കണ്ടെത്താനും മാതാപിതാക്കള്‍ക്ക് കഴിയണം.
ഇന്ത്യയിലെ കുട്ടികളില്‍ 40 ശതമാനം പേരും പലവിധ പീഡനങ്ങള്‍ക്ക് ഇരയാകുന്നവരാണെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. ഇതിന്റെ 80 ശതമാനവും ലൈംഗികപീഡനമാണെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ നല്ലതും ചീത്തയും ആക്കുന്നത് വീട്ടുകാരും സമൂഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്റ്റര്‍ കെ. മുഹമ്മദ് വൈ. സഫീറുളള മുഖ്യപ്രഭാഷണം നടത്തി. കളമശ്ശേരി രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിലെ പരിശീലനവിഭാഗം മേധാവി എസ്സ്.ആര്. രാജീവ് കുട്ടികള്‍ക്കായി ക്ലാസ്സ് നയിച്ചു. കമ്മീഷന് അംഗം മീന കുരുവിള, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.പി. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉച്ചയ്ക്കുശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ കുട്ടികള്‍ അവതരിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ പത്മജ നായര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്സ്. ഷിഹാബുദ്ദീന്, ആര്.സി. എച്ച് ഓഫീസര്‍ ഡോ. ആര്. ശാന്തകുമാരി, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ സി.എ. സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രഞ്ജിത്ത് എ.എസ്സ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരായ നൗഫല്‍ എ, വിനോദ് കുമാര്‍, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജി. പ്രദീപ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആര്. രോഷ്നി, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി എന്നിവര്‍ സംബന്ധിച്ചു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനും അവരുടെ വീക്ഷണങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായി ബാലാവകാശസംരക്ഷണ കമ്മീഷന് എല്ലാ ജില്ലകളിലും സംവാദം' എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളത്തും പരിപാടി നടത്തിയത്. ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന 80 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments
Post a Comment