കൊച്ചി: പ്രാദേശിക തലത്തിലെ ജനപ്രതിനിധികളുടെ സമര്‍പ്പണമനോഭാവവും ഭാവി പരിപാടികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വികസനം താഴെത്തട്ടിലെത്തിക്കുന്നതിന് ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്തീരാജ്‌ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗ് ടോമര്‍ അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്തോടെ ബജറ്റ് തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ നടന്ന ബ്രിക്‌സ് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരില്‍ അവസാനത്തെ ആളിനെയും മനസ്സില്‍ കണ്ടുകൊണ്ടാകണം വികസനപരിപാടികള്‍ രൂപീകരിക്കേണ്ടത്. വ്യക്തിഗതവികസനത്തിന് ഊന്നല്‍ നല്‌കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന ഫണ്ടുകളില്‍ എറ്റക്കുറച്ചിലുകളില്ല. എന്നാല്‍ അവ കൃത്യമായും ഫലപ്രദമായും വിനിയോഗിക്കുന്നതില്‍ വന്‍ വ്യത്യാസം കാണുന്നു. ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പ്രാദേശികതലത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടാവണം. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച ഒരു പരിശീലനം നല്‌കുന്നത് ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം എന്നീ രംഗങ്ങളിലുളള കേരളത്തിന്റെ ഉന്നമനത്തില്‍ പ്രാദേശികമായ സംരംഭങ്ങള്‍ക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണെന്ന് ചടങ്ങില്‍ സംസാരിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ പോലുള്ള സ്‌ത്രീ ശാക്തീകരണ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ടെങ്കിലും ലിംഗസമത്വം എന്ന ആശയത്തിലെത്താന്‍ കേരളത്തില്‍ ഇനിയും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. സ്‌ത്രീകള്‍ ഗുണഭോക്താക്കളാകുന്ന ഇത്തരം പദ്ധതികള്‍ക്കായി ബജറ്റ് വിഹിതം മാറ്റിവച്ച് നടപ്പില്‍ വരുത്തുന്നതിനും സ്‌ത്രീകളെ ചുമതലപ്പെടുത്തേണ്ടതാണ്.
പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിലും കേരളം പിന്നിലാണ്. ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകളിലും ആര്‍ജിക്കുന്ന അനുഭവങ്ങളിലും സമാനത കാണാനാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. വലിയ തരത്തിലുള്ള ആഗോളവത്‌കരണത്തിനിടയിലും പ്രാദേശികമായ ജനപങ്കാളിത്തത്തിന് വലിയ ഒരു സ്ഥാനമുണ്ടെന്നും വികസനത്തില്‍ ഇതിന്റെ ശക്തി തിരിച്ചറിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പഞ്ചായത്തിരാജ്‌കാര്യ മന്ത്രാലയം സെക്രട്ടറി ജെ എസ് മാതുര്‍, ജോയിന്റ് സെക്രട്ടറി സഞ്‌ജീബ് പട് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ബാഷ്‌കോര്‍ട്ടോസ്‌താന്‍ തലവന്‍ റുസ്‌തം മാര്‍ഡനോവ്, ബ്രസീലിയന്‍ പ്രതിനിധി ഫാബിയാനോ ബുര്‍ഘാര്‍ദ് തുടങ്ങിയവരും സമാപനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു
Comments
Post a Comment