സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണം: ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം
കൊച്ചി: വാതരോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍ റിട്ട. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ ദേശീയ സമ്മേളനം (ഐറാകോണ്‍ 2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ വാതരോഗ വിദഗ്ധരുടെ കൂട്ടായ്മ മുന്‍കൈയെടുക്കണം. ആര്‍ത്രൈറ്റിസ് അഥവ വാതരോഗം ഇന്ന് പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനസംഖ്യയുടെ 30 ശതമാനവും വാതരോഗം ബാധിച്ചവരാണ്. വിവിധ വിഭാഗത്തിലുള്ള വാതരോഗം മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഹൃദയരോഗത്തിനും മറ്റും നല്‍കുന്ന ഗൗരവ സമീപനം വാതരോഗത്തിന്റെ കാര്യത്തിലുണ്ടാകുന്നില്ല. രോഗത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാണിത്. താത്കാലിക ആശ്വാസം നല്‍കുന്ന പാരമ്പര്യ ചികിത്സാ രീതികളാണ് പലരും പിന്‍തുടരുന്നത്.
വാതരോഗവുമായി ബന്ധപ്പെട്ട ആധുനിക ഗവേഷണങ്ങള്‍ ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. വാതരോഗ വിദഗ്ധരുടെയും ചികിത്സാ കേന്ദങ്ങളുടെയും അഭാവം സംസ്ഥാനത്തുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ഇല്ല. കേരളത്തിലെ ആരോഗ്യ മേഖല മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും ചികിത്സാ ചെലവ് വര്‍ധിച്ചു വരികയാണ്. ജീവിതശൈലിയും വാതരോഗത്തിന് കാരണമാകുന്നുണ്ട്. വാതരോഗ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ ഗവേഷണ ഫലങ്ങള്‍ അവലോകനം ചെയ്യാനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കോണ്‍ഫറന്‍സിനു കഴിയട്ടെ എന്നും ഗവര്‍ണ്ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രൊഫ. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അമിത അഗര്‍വാള്‍, സെക്രട്ടറി ഡോ. രാജീവ് ഗുപ്ത, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജ പോള്‍, ഐറാകോണ്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ഭാസി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ ദേശീയ സമ്മേളനം (ഐറാകോണ്‍ 2016) കേരള ഗവര്‍ണ്ണര്‍ റിട്ട. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. കെ.വി. തോമസ് എം. പി, ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അമിത അഗര്‍വാള്‍, സെക്രട്ടറി ഡോ. രാജീവ് ഗുപ്ത, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് ജെ പോള്‍, ഐറാകോണ്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ഭാസി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണോയ് തുടങ്ങിയവര്‍ സമീപം.

Comments
Post a Comment