Skip to main content

ഹരിതകേരളം: ആവേശഭരിതമായ തുടക്കം




കൊച്ചി: ഹരിതകേരളം ജില്ലാതല പരിപാടികള്‍ക്ക് ഇന്നലെ ആവേശഭരിതമായ തുടക്കം. കാക്കനാട് ജില്ലാ ഭരണകേന്ദ്രത്തിനു സമീപം വലിയ ജനസമൂഹത്തെ സാക്ഷിനിര്‍ത്തി ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. വീട്ടമ്മമാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ കേരളത്തിന്റെ ഐടി ഹബ്ബ് ആയ കാക്കനാട് നടന്ന പരിപാടിയില്‍ പങ്കാളികളായി. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ശ്രീനിവാസനും അരങ്ങിനു കൊഴുപ്പേകി. ഇരുവരും സഹര്‍ഷത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. 
ജില്ലാകളക്ടറുടെ ചേംബറില്‍ ആദ്യം എത്തിയത് പി. ടി. തോമസ് എംഎല്‍എ. തുടര്‍ന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആയിരുന്നു. 9.15ന് അദ്ദേഹം എത്തി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും വൈസ്പ്രസിഡന്റ് അഡ്വ. മുത്തലിബും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. എസ് ഷൈല, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവരും എത്തി. തുടര്‍ന്ന് വാതില്‍ കടന്നു വന്ന ശ്രീനിവാസനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു. പിന്നെ മമ്മൂട്ടിയ്ക്കായി അല്പനേരം കാത്തു. ഒടുവില്‍ സുസ്‌മേര വദനനായി അദ്ദേഹവും എത്തി. താരങ്ങളെ കാണാനായി കളക്ടറേറ്റ് ജീവനക്കാരും ഓടിക്കൂടി. എറണാകുളത്ത് ഷൂട്ടിംഗ് തിരക്കില്‍ നിന്നാണ് മമ്മുട്ടി എത്തിയത്. ഇരുവരും തമ്മില്‍ അല്പനേരത്തെ കുശലത്തിനു ശേഷം മന്ത്രി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിയിലേക്കു നീങ്ങി. 
ആദ്യം കൃഷി ചെയ്യാനായി ഒരുക്കിയിട്ടിരുന്ന സ്ഥലത്തേക്ക്. അവിടെ മന്ത്രിയും മമ്മൂട്ടിയും ശ്രീനിവാസനും മാവിന്‍തൈകള്‍ നട്ടു. കാക്കനാട് സ്‌കൂളിലെ കുട്ടികള്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള സ്വാഗതം പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ ഭൂമിയില്‍ നിന്ന് മനുഷ്യന്‍ അപ്രത്യക്ഷമായാലും മറ്റ് ജീവജാലങ്ങള്‍ നിലനില്‍ക്കും. എന്നാല്‍ മറ്റ് ജീവജാലങ്ങള്‍ അപ്രത്യക്ഷമായാല്‍ മനുഷ്യന് നിലനില്‍പ്പില്ലെന്ന കോളേജ് അധ്യാപകന്‍ കൂടിയായിരുന്ന മന്ത്രി രവീന്ദ്രനാഥിന്റെ വാക്കുകള്‍ വിശിഷ്്ട വ്യക്തികള്‍ ഉള്‍പ്പെടെ വേദിയിലുള്ളവരും സദസ്യരും കൗതുകത്തോടെയാണു ശ്രവിച്ചത്. അന്തരീക്ഷം, ജലം, മണ്ണ് എന്നിവയെ ബാധിക്കുന്ന മലിനീകരണത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് കൃഷിയാണ് ഏറ്റവും നല്ല മാര്‍ഗം.മനസില്‍ കൃത്യമായി ഉള്‍ക്കൊണ്ടുള്ള പരിസ്ഥിതി സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
താന്‍ മുമ്പ് വെള്ളം പാഴാക്കിയിരുന്ന അനുഭവം ഓര്‍മിച്ചാണ് മമ്മുട്ടി പ്രസംഗം തുടങ്ങിയത്. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചതോടെ വരുംദിനങ്ങള്‍ ആശങ്കയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി കരുതലോടെ നീങ്ങിയില്ലെങ്കില്‍ പ്രകൃതി സന്തുലനം തിരിഞ്ഞു നിന്നേക്കാം. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ ശീലിക്കണം. നമ്മള്‍ കൂടുതല്‍ പാഴാക്കുന്നതുകൊണ്ടാണ് പരിസരങ്ങളില്‍ പാഴ്‌വസ്തുക്കള്‍ കൂടുന്നത്.വൃത്തികേടാക്കിയാല്‍ മാത്രം വൃത്തിയാക്കിയാല്‍ മതി.അതു കൊണ്ടു വൃത്തികേടാക്കാതിരിക്കുക. ജൈകൃഷി നടത്തിവരുന്ന ശ്രീനിവാസന്റെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചത് സദസില്‍ ചിരി പടര്‍ത്തി. ഇതു സംബന്്ധിച്ച് ശ്രീനിവാസനുമായി വാഗ്വാദം നടത്തിയെന്നു കൂടി പറഞ്ഞു. ജൈവകൃഷിയല്ല സ്വഭാവിക കൃഷി രീതിയാണ് ശ്രീനിവാസന്‍ നടത്തിയതെന്നു മമ്മുട്ടി പറഞ്ഞു. 
എന്നാല്‍ താന്‍ അല്പം വിശേഷം പറഞ്ഞത് മമ്മൂട്ടി വാഗ്വാദമാക്കി മാറ്റിയെന്നു പറഞ്ഞ് ശ്രീനിവാസന്‍ തുടങ്ങിയതോടെ സദസ് ഒന്നുകൂടി ആര്‍ത്തുചിരിച്ചു. ജപ്പാനില്‍പോയപ്പോള്‍ ഇലക്‌ട്രോണിക്്‌സ് സാധനങ്ങള്‍ വാങ്ങാന്‍ മമ്മുട്ടി തന്നോടു പറഞ്ഞകാര്യവും തന്റെ ചൈനീസ് അനുഭവവും അദ്ദേഹം വിശദീകരിച്ചു. അവിടെ കച്ചവടക്കാരല്ല വില തീരുമാനിക്കുന്നത്. സര്‍ക്കാരാണ്. അതുകൊണ്ട് കര്‍ഷകരെല്ലാം ബിഎംഡബ്ഌു കാറിലാണു വരുന്നത്. ഗുണ്ടല്‍പ്പേട്ടിലെ തക്കാളി കര്‍ഷകര്‍ക്കുണ്ടായ അനുഭവവും അദ്ദേഹം പറഞ്ഞു. ഒടുവില്‍ വിലയില്ലാതായ തക്കാളി മുഴുവന്‍ റോഡിലെറിയുകയായിരുന്നു. കര്‍ഷകര്‍ക്ക് മികച്ച വില കിട്ടിയാല്‍ മാത്രമേ രക്ഷപ്പെടാനാകൂ. കേരളത്തിലെ അമിതകൂലി കൊടുത്ത് നെല്‍കൃഷി നടത്താനാവില്ല. ജൈവകൃഷിയിലൂടെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കണം. ഉത്തരേന്ത്യക്കാരനായ ദീപക് സച്ച്‌ദേവിന്റെയും സുഭാഷ് പലേക്കറിന്റെയും കൃഷിരീതികള്‍ സാര്‍വത്രികമാക്കപ്പെടേണ്ടതാണ്. കൃഷിയില്‍ എന്തെല്ലാം നൂതനരീതികള്‍ അവലംബിക്കാമോ അതെല്ലാം സ്വീകരിക്കണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ക്രോസ് ഇനത്തില്‍പ്പെട്ട പശുക്കളുടെ പാല്‍ കുടിച്ച് മലയാളികള്‍ പ്രമേഹരോഗികളായിക്കൊണ്ടിരിക്കുകയാണെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മന്ത്രി രവീന്ദ്രനാഥ് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. പിന്നീട് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പച്ചക്കറിത്തൈകള്‍ നട്ടു. എല്ലാവരും ഹരിതകേരളം മുദ്രണം ചെയ്ത തൊപ്പിയും ധരിച്ചാണ് രംഗത്തിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബും ഒപ്പം ചേര്‍ന്നു.  തൂമ്പയുമായി രംഗത്തിറങ്ങിയ എഡിഎം സി. കെ. പ്രകാശ് തന്നെ നടീലിനു തുടക്കമിട്ടു. സബ്കളക്ടര്‍ ഡോ.അദിലയും അസി.കളക്ടര്‍ ഡോ. രേണുരാജും മറ്റ് ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും കുട്ടികളും റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ എല്ലാരംഗത്തുമുള്ളവര്‍ തൈ നടീലില്‍ പങ്കെടുത്തു.സഹകരണ ആശുപത്രിയാണ് തൈകള്‍ നടുന്നതിനാവശ്യമായ വെള്ളം നല്‍കിയത്. തൃക്കാക്കര മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ശുചീകരണത്തിനും ജില്ലാ കളക്ടറും എഡിഎമ്മും നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനൊപ്പം ഉച്ചഭക്ഷണവുമായി റെസിഡന്റ്‌സ് അസോസിയേഷനും രംഗത്തുണ്ടായിരുന്നു.

കൊച്ചി ഹൈടെക് ഫാര്‍മേഴ്‌സ് വിപണനശാല തുറന്നു
കൊച്ചി: ജില്ലയിലെ ഹൈടെക്, പോളിഹൗസ് കര്‍ഷക കൂട്ടായ്മയായ കൊച്ചി ഹൈടെക് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ആദ്യ വിപണന ശാല തൃക്കാക്കാര ബസ്സ്റ്റാന്‍ഡിനു സമീപം ജില്ലാ സഹകരണ ബാങ്ക് ശാഖാ കെട്ടിടത്തില്‍ പി. ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍. പി. പൗലോസ് ആദ്യവില്പന സ്വീകരിച്ചു.
യോഗത്തില്‍ അദ്ദേഹം അധ്യക്ഷനായിരുന്നു. ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍, തൃക്കാക്കര റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എസ് അനില്‍കുമാര്‍, സൊസൈറ്റി പ്രസിഡന്റ് ജോയി ജോണ്‍, സെക്രട്ടറി എംവി മോഹന്‍, ജോ. സെക്രട്ടറി രാജീവ് കമ്മത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലയിലെ എണ്‍പതോളം കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലകള്‍ എന്നിവ ഇവിടെ ലഭിക്കും. തോട്ടത്തില്‍ നിന്ന് 12 മണിക്കൂറിനുള്ളില്‍ വിപണനശാലയില്‍ എത്തിക്കുന്നു എന്നതാണ് പ്രത്യേകത. രാവിലെ 9 മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവര്‍ത്തന സമയം.

ഓഫീസ് തുറക്കും, പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കില്ല
കൊച്ചി: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് നാളെ (ശനി) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കില്ല. ഓഫീസില്‍ നിന്നും ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി പെന്‍ഷന്‍ ബുക്കിനൊപ്പം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കാം. ഓഫീസില്‍ നിന്നും പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കില്ല. രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കില്ലെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...