Skip to main content

അണുബാധ കുറയ്ക്കുന്നതില്‍ ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം, ക്രിസ്മസ്- പുതുവത്‌സരം: ജനുവരി അഞ്ചുവരെ കര്‍ശന പരിശോധന,

ഹരിത കേരളം: ജില്ല ഇന്ന് വീട്ടില്‍ നിന്ന് വീട്ടുമുറ്റത്തേക്ക്
കൊച്ചി: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഹരിതകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. ഇന്ന് രാവിലെ 9.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടനം. ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് ഉദ്ഘാടകന്‍. മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും ശ്രീനിവാസനും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും കവി ചെമ്മനം ചാക്കോയും അടക്കം നിരവധി പ്രമുഖര്‍  ഹരിതകേരളത്തിന് പിന്തുണയുമായി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
പി.ടി. തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ഹരിതകേരളം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങും. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ലബ്ബുകള്‍ തുടങ്ങിയ സമൂഹത്തിലെ സമസ്ത മേഖലകളില്‍ നിന്നും വിപുലമായ പ്രാതിനിധ്യമാണ് ഹരിതകേരളത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള പരിപാടികളില്‍ പ്രതീക്ഷിക്കുന്നത്.
സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും തൃക്കാക്കരയിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാര്‍ ശ്രമദാനത്തില്‍ പങ്കെടുക്കുമെന്ന് എഡിഎം സി.കെ. പ്രകാശ് അറിയിച്ചു. ശുചീകരണ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം റെസിഡന്‍്‌സ് അസോസിയേഷനാണ് നല്‍കുന്നത്. മാലിന്യം നീക്കി സജ്ജമാക്കുന്ന 50 സെന്റോളം സ്ഥലത്ത് പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. ഇവയുടെ പരിപാലനത്തിനായി വെള്ളം നല്‍കുന്ന ചുമതല തൃക്കാക്കര സഹകരണ ആശുപത്രി ഏറ്റെടുത്തു. കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് പച്ചക്കറിത്തൈകള്‍ നല്‍കുന്നത്. 
ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നു മുതല്‍ തുടര്‍ന്നുള്ള നാളുകളില്‍ നടത്തേണ്ട പരിപാടിള്‍ അവലോകനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. ഹരിത എറണാകുളം എന്ന വെബ്‌സൈറ്റുമായി ഗ്രാമപഞ്ചായത്തുകളെയും ബ്‌ളോക്ക് പഞ്ചായത്തുകളെയും ബന്ധിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവിലയിരുത്തലിനായി ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, എഡിഎം സി. കെ. പ്രകാശ്, ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ ഡോ. അദില അബ്ദുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ ടിംപിള്‍ മാഗി, ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി ജോര്‍ജ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിജു തോമസ്, എന്‍ഐസി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ഈപ്പന്‍, അസി. കോ ഓര്‍ഡിനേറ്റര്‍ ശ്യാമ, ഡെപ്യൂട്ടി കളക്ടര്‍ വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിനഗറിനെ ഹരിതാഭമാക്കാന്‍
ജനകീയയജ്ഞം
കൊച്ചി: ഗാന്ധിനഗറിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വികേന്ദ്രീകൃത സംസ്‌കരണ പദ്ധതിക്ക് ഇന്ന് തുടക്കം. എയ്‌റോബിക് കമ്പോസ്റ്റിങ്, പ്ലാസ്റ്റിക് രഹിത ദിനം എന്നിവയാണ് സംഘടിപ്പിക്കുന്നതെന്ന് 63-ാം ഡിവിഷന്‍ കൗണ്‍സിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ പൂര്‍ണിമ നാരായണ്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത 50 ഗുണഭോക്താക്കള്‍ക്ക് ബക്കറ്റുകള്‍, ചകിരിച്ചോറ് കമ്പോസ്റ്റ്, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഇനോക്കുലം എന്നിവ വിതരണം ചെയ്യും. മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 300 ഗുണഭോക്താക്കള്‍ക്ക് പച്ചക്കറിത്തൈകളും ജൈവവളവും നല്‍കും. കാനകള്‍ വൃത്തിയാക്കുന്നതിനുള്ള യജ്ഞത്തിനും ഇന്ന് തുടക്കം കുറിക്കും. രാവിലെ എട്ടിന് ഗാര്‍ഡന്‍ വാക്ക് പാര്‍ക്കിലാണ് ഉദ്ഘാടനം.

പഌസ്റ്റിക് വിമുക്ത നഗരത്തിലേക്ക് ഒരു കാല്‍വെയ്പ്
കൊച്ചി: മാലിന്യനിര്‍മാര്‍ജനത്തിനും പഌസ്റ്റിക് വിമുക്ത നഗരമെന്ന ആശയത്തിനും ഊന്നല്‍ നല്കിക്കൊണ്ട് കൊച്ചി നഗരസഭയിലെ ഹരിതകേരളം പദ്ധതിക്ക് ഇന്ന് (ഡിസംബര്‍ 8) തുടക്കമാകും. നഗരസഭയിലെ 74 ഡിവിഷനുകളിലും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  മേയര്‍ സൗമിനി ജെയിന്‍ ഹരിതകേരളം പരിപാടി ഉദ്ഘാടനം ചെയ്യും. 
ഹൈക്കോടതി ജംഗ്ഷനില്‍ വിളംബരജാഥ ഹൈബി ഈഡന്‍ എംഎല്‍എ ഇന്ന് (ഡിസംബര്‍ 8) രാവിലെ 8-ന് ഫഌഗ് ഓഫ് ചെയ്യും. മുപ്പത്തിരണ്ടോളം വാര്‍ഡുകള്‍ വിവിധ മാലിന്യ-മുക്ത പദ്ധതികളുമായി മുമ്പോട്ടുവന്നിട്ടുണ്ട്.  13, 32, 20, 44, 58, 64  തുടങ്ങിയ വാര്‍ഡുകളില്‍ ഇന്ന് പഌസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റും പരിസരവും,  ചമ്പക്കര റോഡ്, പച്ചാളം പാലം, മെഡിക്കല്‍ സെന്റര്‍ പരിസരം തുടങ്ങി പ്രധാന സ്ഥലങ്ങളും പൊതുനിരത്തുകളും വൃത്തിയാക്കും. 
വിവിധ വാര്‍ഡുകളില്‍ ജൈവപച്ചക്കറിക്കൃഷി, പുഷ്പകൃഷി, വൃക്ഷത്തൈ നടല്‍ എന്നിവയ്ക്കും ഇന്ന് തുടക്കമാകും. പുനരുപയോഗം സാധ്യമായ വസ്തുക്കള്‍ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് നല്കുകയും ചെയ്യുന്ന സ്വാപ്‌ഷോപ്പുകളും അഞ്ച്, 29, 67 തുടങ്ങിയ വാര്‍ഡുകളില്‍ ആരംഭിക്കും

ഹരിതകേരളത്തിനു പിന്തുണയുമായി വിദ്യാര്‍ത്ഥികളും
കൊച്ചി: മാലിന്യ-വിമുക്ത ഹരിതകേരളത്തിനായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കൈകോര്‍ക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് , അണ്‍എയ്ഡഡ് സ്‌കൂളുകളുമടക്കം ജില്ലയിലെ ആയിരത്തോളം സ്‌കൂളുകളാണ് ഹരിതകേരളം പരിപാടിയില്‍ ഭാഗഭാക്കാവുക. ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളുകളും ഇതില്‍പ്പെടും.
സ്‌കൂളുകളും പരിസരവും വൃത്തിയാക്കിക്കൊണ്ടായിരിക്കും ഹരിതകേരളം ഉദ്ഘാടനദിനമായ ഡിസംബര്‍ 8-ന് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുക. സ്‌കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനും സ്‌കൂള്‍ കാമ്പസ് ഹരിതാഭമാക്കാനുള്ള പദ്ധതികളാണ് ജില്ലയിലെ മിക്ക സ്‌കൂളുകളും മുമ്പോട്ടുവച്ചിട്ടുള്ളത്. പരിസരത്തെ പഌസ്റ്റിക് ഒഴിവാക്കുന്നതിനും പൂന്തോട്ടനിര്‍മ്മാണത്തിനും സ്‌കൂളുകള്‍ മുന്‍തൂക്കം നല്കും. സ്‌കൂളുകളിലെ പച്ചക്കറിക്കൃഷി വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് അറിയിച്ചു.
ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാക്കനാട് എംഎഎച്ച്്്്എസിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ തൃക്കാക്കര ബസ് സ്റ്റാന്റ് വൃത്തിയാക്കും. സ്‌കൂള്‍ കിണറുകള്‍ അണു വിമുക്തമാക്കല്‍, ജലസമൃദ്ധമാക്കല്‍ എന്നീ പദ്ധതികളും ഹരിതകേരളത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ നടപ്പാക്കാന്‍ പദ്ധതിയുണ്ട്. 

അണുബാധ കുറയ്ക്കുന്നതില്‍
ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം
കൊച്ചി: അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് മരുന്നുകള്‍ വിവേചനപരമായി ഉപയോഗിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യവകുപ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കിയ സെപ്‌സിസ് മാനേജ്‌മെന്റ് പദ്ധതി വിജയകരമായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തത്തിലുള്ള അണുബാധ ചുരുങ്ങിയ സമയത്തിനകം കണ്ടെത്തി അനുയോജ്യമായ ആന്റിബയോട്ടിക് തിരഞ്ഞെടുക്കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയിലാണ് നടപ്പിലാക്കിയത്. 
ഈ പദ്ധതിപ്രകാരം സജ്ജമാക്കിയ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ രീതി അണുബാധ നിയന്ത്രണത്തില്‍ വന്‍ പുരോഗതി കൈവരിക്കാനായതായി ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ പറഞ്ഞു. സാധാരണരീതിയില്‍ 7 മുതല്‍ 10 ദിവസംവരെ അണുബാധ പരിശോധനാ ഫലത്തിനായി കാത്തിരിക്കണമെങ്കില്‍ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ രീതിയില്‍ രണ്ടു ദിവസത്തിനകം പരിശോധനാ ഫലവും അനുയോജ്യമായ ആന്റിബയോട്ടിക് സംബന്ധിച്ച വിശദാംശങ്ങളും ലഭിക്കും. ഇത് ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. ബി.ഡി. ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം എങ്ങനെതടയാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുടര്‍ പരിശീലന പരിപാടി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് രോഗാണുക്കള്‍ ഈ മരുന്നുകളെ ചെറുക്കുന്ന അവസ്ഥ സൃഷ്ടിക്കുമെന്നും ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ അദ്ധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. ശിവപ്രസാദ്, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. കെ.എം. ബീന, ഡോ. പ്രകാശ് ബി.ഡി., രൂപക് ബാനര്‍ജി, ഡോ. ആര്‍.വി. ആര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ദേശീയ വികാരം കാത്തുസൂക്ഷിക്കണം: പി. ടി. തോമസ് എം എല്‍ എ
കൊച്ചി: ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ക്കു പ്രാധാന്യം നല്‍കണമെന്ന് പി. ടി. തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ സായുധസേനാ പതാകദിനാചരണത്തിന്റെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എഡിഎം സി.കെ. പ്രകാശ് അധ്യക്ഷനായിരുന്നു. 
നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാജ്യവും ലോകത്തിലില്ല. നമ്മുടെ സംസ്്കാരവും പാരമ്പര്യവുമാണ് ഇതിനു പിന്‍ബലം. അതില്‍ കോട്ടം തട്ടുമ്പോഴാണു ദേശവിരുദ്ധ ശക്തികള്‍ കുഴപ്പങ്ങളുമായി ഇറങ്ങുന്നത്. അതിര്‍ത്തിയും ദേശവും കാത്തുസംരക്ഷിക്കുന്ന സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. പാക്, ചൈന, കാര്‍ഗില്‍ യുദ്ധങ്ങളില്‍ നമ്മുടെ നൂറുകണക്കിനു സൈനികര്‍ക്കു ജീവന്‍ ഹോമിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ മാത്രം ഓര്‍മിക്കുന്ന പ്രവണതയ്ക്കു മാറ്റം വരുത്തണം. 
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയത്തില്‍  നിന്നാണ് സൈനികക്ഷേമത്തിനായി ദേശീയപതാക ദിനവും മറ്റും ആവിഷ്‌കരിക്കപ്പെടുന്നത്. എറണാകുളം ജില്ലയില്‍ 21000 ഓളം വിമുക്തഭടന്‍മാരുണ്ട്. ഇവരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന ഈ പരിപാടി അടുത്തവര്‍ഷം മുതല്‍ വളരെ വിപുലമായി നടത്തണമെന്നും എംഎല്‍എ എന്ന നിലയില്‍ അതിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും കളക്ടറേറ്റ് വളപ്പില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും പി. ടി. തോമസ് അറിയിച്ചു. 
 യോഗത്തില്‍ ഭവാന്‍സ് വരുണ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയും കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും എംഎഎ എംപി എല്‍പി എസിലെ കുട്ടികള്‍ ദേശീയഗാനവും ആലപിച്ചു. കമ്മഡോര്‍ എം എ അജയകുമാര്‍(റിട്ട) സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കേണല്‍ (റിട്ട) എം ഒ ഡാനിയേല്‍, എംബി ഗോപിനാഥ്, ഓണററി ക്യാപ്റ്റന്‍(റിട്ട) ടി. ടി. തോമസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എംപി. ജോസഫ്, അസി. സൈനി ക്ഷേമ ഓഫീസര്‍ ടി. എ. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിമുക്തസൈനികരും കുടുംബാംഗങ്ങളും പൊതുജനങ്ങളും യോഗത്തില്‍ പങ്കെടുത്തു.

സിറ്റിംഗ് മാറ്റി
കൊച്ചി: ഡിസംബര്‍ ഒമ്പതിന് എറണാകുളം കളക്ടറേറ്റില്‍ നടത്തായിരുന്ന ജില്ലാതല പോലീസ് കംപ്ലെയിന്‍ഡ് അതോറിറ്റിയുടെ സിറ്റിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി അതോറിറ്റി സെക്രട്ടറി അറിയിച്ചു. 

ദേശീയ പ്രസംഗ മത്‌സരം
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റുയുവക് കേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പ്രസംഗ മത്്‌സരത്തിന്റെ ജില്ലാതല മത്‌സരം ഡിസംബര്‍ 14ന് രാവിലെ പത്തുമുതല്‍ കാക്കനാട് കളക്ടറേറ്റില്‍ നടത്തും. 18-20 ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമേ പാടുള്ളൂ. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ വീതം അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാംസ്ഥാനം നേടുന്ന വ്യക്തിക്ക് സംസ്ഥാനതല മത്‌സരത്തിലേക്ക് യോഗ്യത നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒമ്പത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605045616.

ക്രിസ്മസ്- പുതുവത്‌സരം: ജനുവരി അഞ്ചുവരെ കര്‍ശന പരിശോധന
കൊച്ചി: ക്രിസ്മസ്, പുതുവത്‌സരാഘോഷം പ്രമാണിച്ച് ജില്ലയില്‍ ലഹരി സംബന്ധമായി പരിശോധന എക്‌സൈസ് വകുപ്പ് കര്‍ശനമാക്കും. ദേശീയപാതകളില്‍ 24 മണിക്കൂറും പരിശോധന ഉണ്ടാകും. വ്യാജമദ്യ, മയക്കുമരുന്ന് നിര്‍മാണം, വില്പന, പൊതുസ്ഥലങ്ങളിലെ മദ്യപാനം, ലൈസന്‍സ് ഇല്ലാതെ വൈന്‍ നിര്‍മാണം, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി പട്രോളിംഗും ശക്തമാക്കും. പോലീസ്- റവന്യൂ- വനം വകുപ്പുകളുമായി ചേര്‍ന്ന് രാത്രികാല പരിശോധനയും ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ വിവിധ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ ഓഫീസുകളിലും വിളിച്ച് അറിയിക്കാം, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 0484 2390657, 9447178059

വാഹനം ലേലം ചെയ്യും
കൊച്ചി: കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചുവരുന്നതും സപ്ലൈകോ കൊച്ചി ഡിപ്പോ ഓഫീസ് പരിസരത്ത് സൂക്ഷിച്ചുവരുന്നതുമായ കെ എല്‍ 01 സി 4789-ാം നമ്പര്‍ മഹീന്ദ്ര ജീപ്പ് ഡിസംബര്‍ 12ന് രാവിലെ 11ന് താലൂക്ക് സപ്‌ളൈ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എല്ലാ പ്രവൃത്തിദിനങ്ങളിലും വാഹനം പരിശോധിക്കാം. 

ആം ആദ്മി ബീമ യോജന: 24 വരെ രജിസ്റ്റര്‍ ചെയ്യാം
കൊച്ചി: ആം ആദ്മി ബീമ യോജന പദ്ധതിയില്‍(ആബി) 2016-17 വര്‍ഷത്തില്‍ അംഗത്വം ലഭിക്കുന്നതിന് ഡിസംബര്‍ 24വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ 18നും 59നും പ്രായമുള്ള ഗൃഹനാഥനോ ഗൃഹനാഥയോ വരുമാന മാര്‍ഗമുള്ള മുതിര്‍ന്ന അംഗമായിരിക്കണം. 59നു മുകളില്‍ പ്രായമാണെങ്കില്‍ തൊട്ടടുത്ത വരുമാന മാര്‍ഗമുള്ള കുടുംബാംഗത്തിന് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. 

തയ്യല്‍തൊഴിലാളി ക്ഷേമനിധി ഓഫീസ് 10ന് പ്രവര്‍ത്തിക്കും
കൊച്ചി: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് ഡിസംബര്‍ പത്ത് ശനിയാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്നും പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് അത് കൈപ്പറ്റാമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ വാങ്ങേണ്ടവര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി പെന്‍ഷന്‍ ബുക്കിനൊപ്പം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ ഏതെങ്കിലും പകര്‍പ്പ് ഹാജരാക്കണം.

രേഖകള്‍ ഹാജരാക്കണം
കൊച്ചി: കേരള കൈത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് റിട്ടയര്‍മെന്റ് ആനുകൂല്യം വാങ്ങിയതും തൊഴില്‍ വകുപ്പ് മുഖേന പെന്‍ഷന്‍ പറ്റുന്നവരുമായ ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഡിസംബര്‍ 10-ന് എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള കേരള കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ഡിസംബര്‍ 10-ന് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍ 2366191

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് റദ്ദാക്കി
കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. ഈ തിയതികളില്‍ പരിഗണിക്കാനിരുന്ന കേസുകള്‍ ഡിസംബര്‍ 24 ന് പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സമയം രാവിലെ  10-ന് സ്ഥലത്തില്‍ മാറ്റമില്ല. പി.എം.ബിനുകുമാര്‍ പി ആര്‍.ഒ. 9447694053.

പേറ്റന്റ് ഫയലിംഗ് : കുഫോസില്‍ ഏകദിന പരിപാടി 
കൊച്ചി: പേറ്റന്റ് ഫയലിംഗും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച ഏകദിന വിജ്ഞാന വ്യാപന പരിപാടി കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.)എ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍. സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍.എസ്. ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഡോ.ഐ.ജി.രതീഷ്, ഐ.യു.സി.ഐ.പി.ആര്‍.എസ്., ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്ജ്, കുഫോസ് രജിസ്ട്രാര്‍, ഡോ.കെ.രഞ്ജീത്, ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എന്നിവര്‍ അനുബന്ധ വിഷയത്തില്‍ പ്രഭാഷണം നടത്തി. 

കയര്‍ തൊഴിലാളി അംശാദായം കുടിശിക നിവാരണം
കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവിധ കാരണങ്ങളാല്‍ അംശാദായം കുടിശിക വരുത്തി ആനുകൂല്യത്തിനുള്ള അര്‍ഹത നഷ്ടമായ തൊഴിലാളികളുടെ അംഗത്വം പുന:സ്ഥാപിക്കുന്നു. കുടിശിക കാലയളവും മാനദണ്ഡവും നോക്കാതെ എല്ലാ തൊഴിലാളികള്‍ക്കും മുഴുവന്‍ കുടിശികയും ഒറ്റത്തവണയായി അടച്ച് അംഗത്വം പുതുക്കാന്‍ ഒരു അവസരം കൂടി നല്‍കും.  പുന:പ്രവേശന അപേക്ഷയും തൊഴില്‍ തെളിയിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറി/വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും സഹിതം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടു ഹാജരായി ഡിസംബര്‍ 31 വരെ അംഗത്വം പുതുക്കാവുന്നതാണ്. അംശാദായം കുടിശികയുളള 60 വയസ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിധേയമായി വിഹിതം അടയ്ക്കാവുന്നതാണ്. ബന്ധപ്പെട്ട മുഴുവന്‍ കയര്‍ തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 
Attachments area

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...