കൊച്ചി: മെട്രോ റെയിലിനും
അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടക്കാന്‍ പ്രയാസമാകുന്ന
തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മെട്രോ റെയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍വഹണ
ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക് ശ്രദ്ധ
വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മെട്രോ റെയില്‍ നിര്‍മ്മാണ
പുരോഗതി വിലയിരുത്തുന്നതിന് കെ.എം.ആര്.എല്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍
സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍
ഊര്‍ജിതമാക്കണം. ഉടമകളുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന് വില നിശ്ചയിച്ച്
ഏറ്റെടുക്കുന്ന മുന്മാതൃക പിന്തുടരണം. മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം
വരെയെന്നത് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ എത്തിക്കുന്നതിനുള്ള സാധ്യത ഗൗരവമായി
പരിഗണിക്കണം. പാലാരിവട്ടം വരെ മാത്രം മെട്രോ എത്തിയാല്‍ തുടര്‍ന്നുള്ള
യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നത് വാഹനക്കുരുക്ക്
വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ഇതു സംബന്ധിച്ച്
ബന്ധപ്പെട്ടവര്‍ വിശദമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി
നിര്‍ദേശിച്ചു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ
ആദ്യപാദത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ മാര്‍ച്ചിലും മഹാരാജാസ് കോളേജ് ഗ്രൗണ്ട്
വരെയുള്ള രണ്ടാം പാദം ജൂണിലും പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി
കെ.എം.ആര്.എല്‍ അധികൃതര്‍ പറഞ്ഞു. 5200 കോടി രൂപയുടെ പദ്ധതിയില്‍ 3425 കോടി
രൂപയോളമാണ് ഇതിനകം ചെലവഴിച്ചത്.
നിര്‍ദിഷ്ട വാട്ടര്‍ മെട്രോ പദ്ധതി 2019ല്‍
പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആധുനികസൗകര്യങ്ങളോടുകൂടിയ 38
ജെട്ടികളുടെ നിര്‍മാണവും 100 കിലോമീറ്റര്‍ തീരദേശ റോഡു വികസനവും ഇതോടനുബന്ധിച്ച്
കെഎംആര്‍എല്‍ ഏറ്റെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്
യോഗത്തില്‍ വിശദീകരിച്ചു. മെട്രോയില്‍ ടിക്കറ്റുകള്‍ നല്‍കുക, ഉപഭോക്തൃസേവനം,
വൃത്തിയാക്കല്‍, പാര്‍ക്കിങ് തുടങ്ങിയവയുടെ നടത്തിപ്പു ചുമതല കുടുംബശ്രീയെ
ഏല്‍പ്പിക്കുന്നത് സംബന്ധിച്ചും അധികൃതര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍
വിശദീകരിച്ചു.
ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, അഡീഷണല്‍ ചീഫ്
സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, കെ.എം.ആര്.എല്‍
ഡയറക്ടര്‍ (സിസ്റ്റംസ്) പ്രവീണ്‍ ഗോയല്‍, മുന്‍ എം.പി പി. രാജീവ് തുടങ്ങിയവരും
വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
മെട്രോ റെയില്‍
പദ്ധതി യാഥാര്ത്ഥ്യമാകുന്നതിനൊപ്പം സ്റ്റേഷനുകളില്‍ വിപുലമായ പാര്‍ക്കിങ്
സംവിധാനവും ദ്വീപു മേഖലകളില്‍ കൂടുതല്‍ ജെട്ടികളും ഏര്‍പ്പെടുത്തണമെന്ന്
എം.എല്‍.എമാര്‍. പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന അനുബന്ധ റോഡുകളുടെ വികസനവും
വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മെട്രോ അവലോകന
യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തമ്മനം പുല്ലേപ്പടി റോഡ് വികസനം
പൂര്‍ത്തിയാക്കിയാല്‍ നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ വലിയൊരു പരിധി വരെ
കുറക്കാനാകുമെന്ന് മേയര്‍ സൗമിനി ജയിന് പറഞ്ഞു. എം.ജി റോഡ് നടപ്പാത നിര്‍മാണം
വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന് എം.എല്‍.എ നിര്‍ദേശിച്ചു. വാട്ടര്‍
മെട്രോയില്‍ താന്തോണിതുരുത്ത്, കുറുങ്കോട്ട ദ്വീപുകളെ കൂടി ഉള്‍പ്പെടുത്തണമെന്നും
അദ്ദേഹം പറഞ്ഞു. പശ്ചിമകൊച്ചിയുടെ ഭാഗമായ പള്ളുരുത്തി, ചെല്ലാനം മേഖലയില്‍ വാട്ടര്‍
മെട്രോയുടെ ഭാഗമായി കൂടുതല്‍ ജെട്ടികളെ ഉള്‍പ്പെടുത്തണമെന്ന് കെ.ജെ. മാക്സി
എം.എല്‍.എ നിര്‍ദേശിച്ചു. ടൂറിസം സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയുടെ വടക്കു
ഭാഗത്തുള്ള ദ്വീപുകളെ കൂടി വാട്ടര്‍ മെട്രോയുടെ ഭാഗമാക്കാവുന്നതാണെന്ന് ജോണ്‍
ഫെര്‍ണാണ്ടസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. എം.ജി റോഡിലെ മെട്രോ വികസനത്തില്‍
വ്യാപാര സമൂഹം ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ കൂടി പരിഗണിക്കണം.
മെട്രോ
റെയിലിന്റെ ആരംഭ കേന്ദ്രമായ ആലുവയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അന്‍വര്‍ സാദത്ത്
എം.എല്‍.എ ആവശ്യപ്പെട്ടു. ആലുവ നഗരത്തെയും റെയില്‍വെ സ്റ്റേഷനെയും
ബന്ധിപ്പിക്കുന്ന റോഡുകള്‍ നവീകരിക്കണം. കളമശ്ശേരിയിലെ പാര്‍ക്കിംഗ് പ്രശ്നവും
ഗൗരവമായി പരിഗണിക്കണമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ആവശ്യപ്പെട്ടു.
കടമക്കുടി അടക്കം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പത്തോളം ദ്വീപുകളിലേക്ക്
വാട്ടര്‍ മെട്രോയുടെ കണക്ടിവിറ്റി ഉറപ്പാക്കണമെന്ന് എസ്. ശര്‍മ എം.എല്‍.എ
നിര്‍ദേശിച്ചു.
വൈറ്റില ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണത്തിന് അടിയന്തര നടപടി
സ്വീകരിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി
ഓഫ് ഇന്ത്യ ഈ പദ്ധതി എറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തീരുമാനം
വൈകരുത്. സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്ന
പദ്ധതി ഭാരത് മാതാ കോളേജ് വരെ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കി ഭാഗത്തെ
റോഡു വികസനം അടിയന്തിരമായി എറ്റെടുത്ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആറ്
മെട്രോ സ്റ്റേഷനുകളില്‍ മള്‍ട്ടി ലെവല്പാര്ക്കിംഗ് സൗകര്യമൊരുക്കുമെന്നും
വാട്ടര്‍മെട്രോ നടപ്പായതിനുശേഷം ലാഭകരമാകാന്‍ സാധ്യതയുള്ള ജെട്ടികള്‍
ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ്
ജോര്‍ജ് പറഞ്ഞു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, അഡീഷണല്‍ ചീഫ്
സെക്രട്ടറി നളിനിനെറ്റോ, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള എന്നിവര്‍
യോഗത്തില്‍ പങ്കെടുത്തു.
കൂടുംബശ്രീ സേവനമേഖലയിലേക്ക് : മന്ത്രി കെ.ടി
ജലീല്‍
കൊച്ചി: റെയില്‍വെ അടക്കമുള്ള മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്കുന്ന
രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി
ഡോ. കെ.ടി ജലീല്‍ പറഞ്ഞു. കൊച്ചി മെട്രോ സ്റ്റേഷനുകളുടെ പരിപാലനചുമതല
കുടുംബശ്രീയെ എല്പിക്കുന്നതു സംബന്ധിച്ച് കുടുംബശ്രീയും കൊച്ചി മെട്രോ റയില്‍
ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം ഒപ്പു വച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്,
തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്
കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍
എസ് ഹരികിഷോറും കൊച്ചി മെട്രോ ഡയറക്ടര്‍(സിസ്റ്റംസ്) പ്രവീണ്‍ ഗോയലൂം ധാരണാപത്രം
കൈമാറിയത്.
കുടുംബശ്രീ വ്യാപകമായ രീതിയില്‍ സേവനമേഖലയിലേക്ക്
പ്രവേശിക്കുന്നതിന്റെ തുടക്കമാണ് കൊച്ചി മെട്രോയുമായുളള ഈ ധാരണാപത്രമെന്ന്
മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലെ പരിപാലനചുമതലയ്ക്കു പുറമെ
ടിക്കറ്റ് വിതരണം, പാര്‍ക്കിംഗ്, പൂന്തോട്ടപരിപാലനം എന്നിവയും കുടുംബശ്രീ
അംഗങ്ങളായിരിക്കും നടപ്പാക്കുക. തുടക്കത്തില്‍ 300 പേര്‍ക്കും ഭാവിയില്‍ 1800
പേര്‍ക്കും കൊച്ചി മെട്രോയുമായി ബന്്ധപ്പെട്ട് തൊഴില്‍ ലഭിക്കും.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെയും ഇതിലുള്‍പ്പെടുത്തും. കുടുംബശ്രീ
അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കുടുംബശ്രീ
എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെഎംആര്‍എല്‍
അധികൃതരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമായിരിക്കും കൊച്ചി മെട്രോയുമായി
ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വേതനം സംബന്ധിച്ച
തീരുമാനം.
എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗിന്റെ ചുമതല
ഇപ്പോള്‍ കുടുംബശ്രീയ്ക്കാണ്. റയില്വെസ്റ്റേഷനുകളിലെ പരിപാലനചുമതല
എറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്വകാര്യ എജന്‍സികള്‍ ഇടനിലക്കാരായി
ഓഫീസുകളുടെയും സ്റ്റേഷനുകളുടെയും പരിപാലനചുമതല എറ്റെടുക്കുമ്പോള്‍
തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും ലഭിക്കുന്നില്ല. കുടുംബശ്രീ
ഇടനിലക്കാരാവുമ്പോള് തൊഴിലാളികള്‍ ഇത്തരം ചൂഷണത്തില്‍ നിന്ന്
വിമുക്തരാവുന്നുവെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് മേഖലകളിലെ പാര്‍ക്കിങ്,
കഫെ എന്നിവയുടെ നടത്തിപ്പു ചുമതല എറ്റെടുക്കുന്നതിനെക്കുറിച്ച് കുടുംബശ്രീ
ആലോചിക്കുന്നുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പുനരധിവാസകേന്ദ്രം ജില്ല തോറും
ആരംഭിക്കാനും അതിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീയെ എല്പിക്കാനും ആലോചനയുണ്ട്.
കെ.എം. ആര്. എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജും ധാരണാപത്രം
ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Comments
Post a Comment