കൊച്ചി: ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ബിഎസ്ഇഎസ് കേരള പവര്‍ ലിമിറ്റഡ് സംഭരിച്ച 6879.37 മെട്രിക് ടണ്‍ നാഫ്ത വൈദ്യുതി ഉത്പാദിപ്പിച്ചോ മറ്റു തരത്തിലോ ജനുവരി 5-നകം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. ബിഎസ്ഇഎസ് സംയുക്ത സമരയൂണിയന്‍ കണ്‍വീനര്‍ എം.എസ.്ശിവശങ്കരന്റെ പരാതിയില്‍ ദുരന്തനിവാരണനിയമമനുസരിച്ചാണ് ഈ ഉത്തരവ്.
നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയില്‍ 6800 മെട്രിക് ടണ്‍ നാഫ്ത സംഭരിച്ചിട്ടുണ്ടെന്നും കമ്പനി ലേ ഓഫീലാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെഎസ്ഇബിയുമായി കരാര്‍ നിലവിലുണ്ടായിരുന്നപ്പോഴാണ് കമ്പനി നാഫ്ത സംഭരിച്ചതെന്ന് കളക്ടര്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ കമ്പനി ഡയറക്ടര്‍ അറിയിച്ചു. 2015 ഒക്‌ടോബറില്‍ കരാര്‍ അവസാനിച്ചിരുന്നു.
കമ്പനിയുമായി നിലവില്‍ കെഎസ്ഇബിയ്ക്ക് കരാറില്ലെന്ന് തെളിവെടുപ്പില്‍ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. നാഫ്ത ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലായതിനാല്‍ കമ്പനിയുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.
നാഫ്തയ്ക്ക് തീ പിടിച്ചാല്‍ 50 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരം വ്യാപിക്കുകയും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. കമ്പനിക്ക് നാഫ്ത സൂക്ഷിക്കാനുള്ള ലൈസന്‍സ് 2017 ഡിസംബര്‍ വരെ ഉണ്ടെങ്കിലും കമ്പനി ലേ ഓഫിലായതിനാല്‍ സുരക്ഷാ പാളിച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സ്റ്റോക്കുള്ള നാഫ്ത ഉടന്‍ ഒഴിവാക്കണമെന്നും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കമ്പനി ലേ ഓഫിലായതിനാല്‍ വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടാവാമെന്നും ഇത് ജീവനും സ്വത്തിനും നാശമുണ്ടാക്കാനിടയുണ്ടെന്നും ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭരിച്ച നാഫ്ത ഉടന്‍ ഒഴിവാക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.
ഹരിത എക്‌സ്പ്രസിന്റെ ജില്ലാപര്യടനത്തിന് ഇന്ന് (ജനുവരി 4) തുടക്കം
കൊച്ചി: വെള്ളവും വൃത്തിയും വിളവും വീണ്ടെടുത്ത് നാടിന് ഉണര്‍വേകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം മിഷന്റെ പ്രചാരണത്തിനായി ഹരിത എക്‌സ്പ്രസും കലാജാഥയും ജില്ലയിലെത്തുന്നു. ഇന്നു (ജനുവരി 4) രാവിലെ 9.30ന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നാരംഭിക്കുന്ന പര്യടനം നാളെ (ജനുവരി 5, വ്യാഴം) വൈകിട്ട് പെരുമ്പാവൂരില്‍ സമാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നിന്നാരംഭിച്ച ഹരിത എക്‌സ്പ്രസിന്റെ പര്യടനം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ പിന്നിട്ടാണ് എറണാകുളത്ത് എത്തുന്നത്.
ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മാധ്യമ വാര്‍ത്തകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് ഹരിത എക്‌സ്പ്രസില്‍ പ്രദര്‍ശിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗായകന്‍ കെ.ജെ യേശുദാസ്, ചലച്ചിത്ര നടി മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ പ്രസംഗശകലങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശനവും ശ്രദ്ധേയമാണ്. ഹരിത എക്‌സ്പ്രസിനൊപ്പമുള്ള കടമ്പനാട് ജയചന്ദ്രനും സംഘവും വാഹനം എത്തുന്നിടത്തെല്ലാം നാട്ടുകാര്‍ക്ക് കാര്‍ഷിക സംസ്‌കൃതിയും ഗ്രാമീണ സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന നാടന്‍പാട്ടുകളുടെ നിറവിരുന്നൊരുക്കും. ഇതിന് പുറമെ ഹരിത എക്‌സ്പ്രസിന്റെ സ്വീകരണകേന്ദ്രങ്ങളില്‍ അതത് പ്രദേശങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും ഒരുക്കുന്നുണ്ട്.
ഫോര്‍ട്ടുകൊച്ചിയില്‍ ഇന്ന് (ജനുവരി 4) രാവിലെ 9.30ന് കെ.ജെ. മാക്‌സി എം.എല്‍.എ ഹരിത എക്‌സ്പ്രസിന്റെ ജില്ലാ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്യും. എം.എല്‍.എമാരായ എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ആദ്യ സ്വീകരണ കേന്ദ്രമായ പള്ളുരുത്തിയില്‍ 11.30ന് എം. സ്വരാജ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിത എക്‌സ്പ്രസിനെ സ്വീകരിക്കും. കളമശ്ശേരിയിലെ സ്വീകരണം രണ്ടു മണിക്ക് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പഴ്‌സണ്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിക്കും. 3.30ന് ചൂര്‍ണിക്കരയിലെ സ്വീകരണത്തിന് അന്‍വര്‍ സാദത്ത് എം.എല്‍.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാറും നേതൃത്വം നല്‍കും. യു.സി കോളേജ് കവലയില്‍ വൈകിട്ട് അഞ്ചിനാണ് സ്വീകരണം. വി.ഡി. സതീശന്‍ എം.എല്‍.എയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ജോസഫും പങ്കെടുക്കും. വൈകിട്ട് ഏഴിന് അങ്കമാലിയില്‍ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. റോജി.എം.ജോണ്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ എം.എ. ഗ്രേസി എന്നിവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ 9.30ന് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നാണ് പര്യടനത്തിന് തുടക്കം. കാക്കനാട്, മുളന്തുരുത്തി, പിറവം, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഹരിത എക്‌സ്പ്രസിന് വ്യാഴാഴ്ച സ്വീകരണമൊരുക്കും.
ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇ-വേസ്റ്റ് ശേഖരിക്കും
കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും ഇ-വേസ്റ്റ് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുള്‍ മുത്തലിബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എറണാകുളം ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടേണ്ട ഇ-വേസ്റ്റ് സ്‌കൂളുകള്‍ വഴി ശേഖരിക്കും.
ആലുവ മുനിസിപ്പാലിറ്റിയിലെ മാര്‍ക്കറ്റും പരിസരവും ഏത് നിമിഷവും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാവുന്ന തരത്തില്‍ ശോചനീയമായ അവസ്ഥയിലാണ്. ജനപ്രതിനിധികളുടെ സഹകരണത്തോടെ, ജില്ലാ ശുചിത്വ മിഷന്‍ മുന്‍കൈ എടുത്ത് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും അഡ്വ.ബി.എ. അബ്ദുള്‍ മുത്തലിബ് പറഞ്ഞു
മാലിന്യ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിനൊരു തുടക്കമായി പ്ലാസ്റ്റിക് ഒഴിവാക്കിയ പിറവം മുനിസിപ്പാലിററിയില്‍ പകരം തുണിസഞ്ചി വിതരണം ചെയ്യുന്നതിന് ജില്ലാ ശുചിത്വ മിഷന്‍ മുന്‍കൈ എടുക്കണമെന്ന് മുത്തലിബ് ആവശ്യപ്പെട്ടു.
സമിതി അംഗങ്ങളായ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നിഹിതരായിരുന്ന യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജാന്‍സി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ.കെ.അബ്ദുള്‍ റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.
ഹജ്ജ്: അപേക്ഷാഫോറം വിതരണോദ്ഘാടനം
കൊച്ചി: കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എറണാകുളം ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവരുടെ അപേക്ഷാ ഫോറത്തിന്റെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ഹജ് കമ്മിറ്റി മെമ്പര്‍ എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, ജില്ലാ ട്രെയിനര്‍ മുസ്തഫ ടി. മുത്തു, അഷ്‌റഫ് പി.വി, പി.എ അഹമ്മദ് കബീര്‍, സി.എം. അഷ്‌കര്‍, കെ.എം.കുഞ്ഞുമോന്‍, എ.കെ.രാജു, എ.എ.ഇബ്രാഹിംകുട്ടി, ഉബൈദ് റഹ്മാന്‍, എം.എസ് ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment