മാലിന്യസംസ്‌കരണരംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരെ
പ്രോത്സാഹിപ്പിക്കും: മന്ത്രി കെ.ടി.ജലീല്‍
കൊച്ചി: പരിസ്ഥിതിസൗഹാര്‍ദ്ദപരമായ മാലിന്യസംസ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് തദ്ദേശസ്വയംഭരണമന്ത്രി കെ. ടി ജലീല്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മാലിന്യരഹിത (സീറോ വേസ്റ്റ്) സംസ്ഥാനമാക്കി മാറ്റും. മാലിന്യസംസ്‌കരണരംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഹോട്ടല്‍ ക്രൗണ്‍ പഌസയില്‍ നടന്ന പുന:ചംക്രമണവ്യവസായം പ്രോത്‌സാഹിപ്പിക്കാനുള്ള നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിളപ്പില്‍ശാല പോലുള്ള കേന്ദ്രീകൃതമാലിന്യസംസ്കരണമാര് ഗങ്ങള്‍ തേടുന്നത് ഇന്ന് അസാധ്യമാണ്. വികേന്ദ്രീകൃതരീതിയാണ് ഇനി പ്രോത്സാഹിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇലക്‌ട്രോണിക് മാലിന്യവും പ്‌ളാസ്റ്റിക് മാലിന്യവും പുന:ചംക്രമണംചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അവയുടെ ഉത്പാദകരില്‍ക്കൂടി നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നിട്ടുണ്ട്. ഇത് ശക്തമായി നടപ്പാക്കും. മാലിന്യസംസ്‌കരണത്തിനുള്ള വ്യക്തവും പ്രായോഗികവും പരിസ്ഥിതിസൗഹാര്‍ദപരവുമായ പദ്ധതിയുമായി വരുന്ന നിക്ഷേപകര്‍ക്ക് എല്ലാവിധ സൗകര്യവും സര്‍ക്കാര്‍ നല്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വ്യവസായ വകുപ്പിന്റെയും കൈവശമുള്ള അനുയോജ്യമായ ഭൂമി ഇത്തരം നിക്ഷേപങ്ങള്‍ക്ക് നല്കും. മാലിന്യപുന:ചംക്രമണത്തിന് അനുയോജ്യമായ സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ നടപടികളെടുത്തിട്ടുണ്ട്. അഞ്ച് ടണ്‍ വരെ ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ഒരു ഇന്തോ- ജാപ്പനീസ് പദ്ധതി ചേരാനല്ലൂരില്‍ നടപ്പാക്കും. ഇത് വിജയകരമാണെങ്കില്‍ സംസ്ഥാനത്തുമുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും.
ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യസംസ്‌കരണപ്‌ളാന്റ് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 6 മാസത്തിനകം പൂര്‍ത്തിയാക്കും. നഗരസഭ പാട്ടത്തിന് നല്കുന്ന ഒരേക്കര്‍ സ്ഥലത്താണ് പ്‌ളാന്റ് തുടങ്ങുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് വില്ക്കുന്നതിന്റെ ലാഭവിഹിതം നഗരസഭയ്ക്ക് നല്കും. സമാനപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കും. ജൈവമാലിന്യത്തിനുപുറമെ പ്‌ളാസ്റ്റിക്, ഇ-മാലിന്യം, പേപ്പര്‍, മെറ്റല്‍ തുടങ്ങി എല്ലാവിധ മാലിന്യങ്ങളും സംസ്‌കരിക്കുന്നതിന് നൂതന സാങ്കേതികവിദ്യയുടെ സഹായവും മാര്‍ഗങ്ങളും അവശ്യമുണ്ട്. ബയോ മെഡിക്കല്‍ മാലിന്യം സംസ്‌കരിക്കാന്‍ പാലക്കാട് ഐഎംഎയുടെ ഒരു പ്‌ളാന്റ് മാത്രമാണ് ഇപ്പോഴുള്ളത്. ഇത്തരം മാലിന്യം സംസ്‌കരിക്കുന്നതിനും നമുക്ക് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ഇതിനായി നിക്ഷേപകരെ കേരളത്തിന് ആവശ്യമുണ്ട്. മാലിന്യപ്രശ്‌നം സംബന്ധിച്ച് പൗരബോധം ഉണര്‍ത്തുന്നതിനായി വിവിധ പ്രചാരണപരിപാടികള്‍ സര്‍ക്കാര്‍ അവിഷ്‌കരിച്ചിട്ടുണ്ട്. അതിനോടൊപ്പം മാലിന്യ പുന:ചംക്രമണത്തിനായി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ചേരുമ്പോള്‍ പ്രായോഗികമായ സംവിധാനം നടപ്പാക്കാനാവും. മാലിന്യസംസ്‌കരണരംഗത്ത് നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവരെയും ഇതു സംബന്ധിച്ച നൂതനസാങ്കേതികവിദ്യ കൈവശമുള്ളവരെയും യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നിക്ഷേപകസംഗമത്തിനാവുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പാക്കാനും നടപടികളെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ കോര്‍പറേഷനുകളിലും ഇതു സംബന്ധിച്ച അദാലത്തു നടത്തി ഉടന്‍ തീര്‍പ്പാക്കും. തിരുവനന്തപുരം നഗരസഭയില്‍ ജനുവരി 30-നകം ഇതു സംബന്ധിച്ച നടപടികളുണ്ടാകും. കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. കെട്ടിടത്തിന്റെ മുഴുവന്‍ അപാകതകളും സംബന്ധിച്ച അറിയിപ്പ് ആദ്യം നല്കുന്ന നോട്ടീസില്‍ തന്നെ ഉള്‍പ്പെടുത്തും. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തു നില്‌ക്കേണ്ടി വരില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരം ഈ മാസം തന്നെ നല്കാന്‍ ചീഫ് ടൗണ്‍പ്‌ളാനറോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. സ്വരാജ് എംഎല്‍ എ അദ്ധ്യക്ഷനായിരുന്നു. വീടുകള്‍ വൃത്തിയാക്കാന്‍ ഉത്സാഹിക്കുന്ന മലയാളി പലപ്പോഴും പൊതുസ്ഥലങ്ങള്‍ വൃത്തികേടാകുന്നതില്‍ വ്യാകുലപ്പെടാറില്ലെന്ന് സ്വരാജ് പറഞ്ഞു. ഈ മനോഭാവം മാറണം. വിവിധ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യസംസ്‌കരണം പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു.
മാലിന്യങ്ങളുടെ പുനചംക്രമണം വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ കുറവാണ്. ഈ രംഗത്ത് കൂടുതല്‍ നിക്ഷേപകരെ അവശ്യമാണെന്ന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. അരഡസനോളം മാലിന്യപുന:ചംക്രമണപാര്‍ക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ക്‌ളീന്‍ കേരള, ശുചിത്വമിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (കേരള) ഡെപ്യുട്ടി ഡയറക്ടര്‍ പ്രേമള്‍ ദാവെ, ചെയര്‍മാന്‍ വി.പി.നന്ദകുമാര്‍, ക്‌ളീന്‍ കേരള മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ബി ഹാരൂണ്‍, മരട് നഗരസഭാ ചെയര്‍മാന്‍ ദിവ്യ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍) ഐസിഡിഎസ് പദ്ധതിയിലെ അങ്കണവാടികളിലേക്ക് 2016-17 വര്‍ഷത്തേക്ക് അനുവദിച്ച പ്രീ-സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ ഓഫീസില്‍ എത്തിച്ചു നല്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/അംഗീകൃത വിതരണക്കാര്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകീട്ട് 3. ഫോണ്‍ 2605625
Comments
Post a Comment