കൊച്ചി: മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന്‍ നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്. എന്നാല്‍ ഇതു സംബന്ധിച്ച അനാവശ്യ ഭീതിയും മുന്‍വിധിയുമാണു പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നത്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ഭീതിയും അജ്ഞതയും മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഈ അഭിപ്രായം. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സെക്രട്ടറിമാരും മറ്റ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉയര്‍ന്ന വരുമാനവും വിദ്യാഭ്യാസരംഗത്തെ ഉയര്‍ച്ചയുമാണ് മൊബൈല്‍ഫോണ്‍ തരംഗത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിക്ഷിപ്ത താത്പര്യത്തോടെ ഒരുവിഭാഗം മൊബൈല്‍ ടവറുകള്‍ക്കെതിരേ അനാവശ്യ വിവാദം ഉയര്‍ത്തുകയാണ്. മൊബൈല്‍ ടവറുകള്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്നുവെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്റ് മോണിട്ടറിംഗ് (ടേം) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. സുനിത മൊബൈല്‍ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സൂര്യരശ്മിക്ക് മൊബൈല്‍ ടവര്‍ റേഡിയേഷനേക്കാള്‍ ആയിരം മടങ്ങ് ശക്തിയുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 15000 ലേറെ ടവറുകള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും റേഡിയേഷന്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ടവറുകള്‍ തേനീച്ച, പക്ഷികള്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നതിനും തെളിവില്ലെന്ന് പക്ഷികള്‍ അതിനു മുകളില്‍ കൂടുവയ്ക്കുന്നുണ്ടെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
കേരളത്തില്‍ സമീപകാലത്തായി ബാധിച്ചിരിക്കുന്ന കാന്‍സറോഫോബിയ ആണ് മൊബൈല്‍ ടവറുകള്‍ക്കു പിന്നിലെ വിവാദങ്ങള്‍ക്കു കാരണമെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ. ചന്ദ്രമോഹന്‍ പറഞ്ഞു. ഇതു സമൂഹത്തിന് മൊത്തത്തില്‍ യോജിച്ചതല്ല. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാത്തതാണു കാരണം. ശരീരത്തിലെ ജീനുകള്‍ക്കുണ്ടാകുന്ന വ്യതിയാനമാണു കാന്‍സറിനു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന് റേഡിയേഷന്‍ ഒരു കാരണമാണ്. എന്നാല്‍ ടവറുകളില്‍ നിന്നുള്ള ചൂടോ റേഡിയേഷനോ ഇതിനു കാരണമല്ല. ടവറിനേക്കാള്‍ വില്ലന്‍ പോക്കറ്റിലും കൈയിലും വയ്ക്കുന്ന ഫോണ്‍ ആണ്. നമ്മുടെ ചുറ്റിലുമുള്ള ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നെല്ലാം കൂടിയ അളവില്‍ റേഡിയേഷന്‍ ഉണ്ട്. ഇതൊക്കെ ശരീരത്ത് വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സൂര്യരശ്മിയാണ് മറ്റൊന്ന്. ഇപ്പോള്‍ ഉയര്‍ന്നതോതിലാണ് സൂര്യനില്‍ നിന്നുളള അണുവികിരണം ഉണ്ടാകുന്നത്. ഇതു തടയുന്ന ഓസോണ്‍ പാളി ദുര്‍ബലപ്പെട്ടുകഴിഞ്ഞു. 2005ല്‍ ബ്രിട്ടീഷ്, സ്വീഡീഷ് പഠനങ്ങളിലും 2011ല്‍ ഡാനിഷ് പഠനത്തിലും മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന്‍ അപകടകരമാണെന്നു തെളിയിച്ചിട്ടില്ല. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങളിലും കാന്‍സര്‍ സാധ്യത കണ്ടെത്താനായിട്ടില്ല. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഒരു കാരണവശാലും നല്‍കരുത്. അത് അവരുടെ രക്തത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു സ്ഥാപിക്കുന്ന മൊബൈല്‍ടവറിനെ പോക്കറ്റില്‍ ഫോണ്‍ വച്ചുകൊണ്ട് എതിര്‍ക്കുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു. ടവര്‍ സംബന്ധിച്ചു നിയമപരമായ കാര്യങ്ങളെക്കുറിച്ച് അഡ്വ. സതീശനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പാലിക്കേണ്ട നിയമപരമായി കാര്യങ്ങളെക്കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. അഡീഷണല്‍ സെക്രട്ടറി കെ. സി. ജോസഫും വിശദീകരിച്ചു. ടേം ഡയറക്ടര്‍ ടി. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ 1977-79 ബാച്ച് പ്രീഡിഗ്രി വിദ്യാര്‍ഥി സംഗമം റ്റി. സി. ശിവറാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോളേജ് മാനേജര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. സുശീല്‍ പുന്നന്‍, പ്രൊഫ. ഏര്‍ണി, ഷാജഹാന്‍ എം. എം, റോയി ജോര്‍ജ്, കെ. എം. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
കളമശേരി സബ്ട്രഷറി ഇന്നുമുതല്‍
കൊച്ചി: കളമശേരിയിലെ പുതിയ സബ്ട്രഷറി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ട്രഷറി സംബന്ധമായ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കുമെന്നു സബ്ട്രഷറി ഓഫീസര്‍ എല്‍ എസ്. അശോക്കുമാര്‍ അറിയിച്ചു. ഫോണ്‍: 0484 2556788. കളമശേരി പത്തടിപ്പാലത്ത് പിഡബഌുഡി ഓഫീസ് കോംപ്ലക്‌സിലാണ് സബ്ട്രഷറിയും. മെട്രോയുടെ 338-ാം തൂണിനടുത്ത്. പിന്‍ കോഡ് 682033. ഇമെയില്‍: subtreasurykalamasse ry@gmail.com
കയര്‍ തൊഴിലാളി പെന്‍ഷന്‍: ആധാര്‍കാര്‍ഡും രേഖകളും നല്‍കണം
കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിവന്നിരുന്നവരില്‍ ആധാറും അനുബന്ധരേഖകളും ഹാജരാക്കാത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ തങ്ങളുടെ ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകളും, ഫോണ്‍ നമ്പറും, പെന്‍ഷന്‍ കാര്‍ഡ്/പാസ്സ് ബുക്കിന്റെ പകര്‍പ്പും സഹിതം മാര്‍ച്ച് 4 നകം പറവൂര്‍ ക്ഷേമനിധി ഓഫീസില്‍ നല്‍കണം.
കയര്‍ തൊഴിലാളി പെന്‍ഷന്‍ കൃത്യമായി ലഭ്യമാക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് മേല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. രേഖകളും വിവരങ്ങളും നല്‍കാതിരുന്നാല്‍ പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെടും. ഇതിനകം രേഖകള്‍ ഹാജരാക്കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല
കയര്‍ തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് ബോര്‍ഡിന്റെ വടക്കന്‍ പറവൂര്‍ റീജിയണല്‍ ഓഫീസില്‍ നേരിട്ടോ ചുമതലപ്പെടുത്തുന്ന ആള്‍ മുഖേനയോ രേഖകള്‍ സമര്‍പ്പിക്കാമെന്ന് റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.
ആര്‍ദ്രം മിഷന്‍ : ജില്ലാതല സെമിനാര്‍ നടത്തി
കൊച്ചി: ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാകളക്ടര്‍മുഹമ്മദ് വൈ.സഫീറുള്ള അധ്യക്ഷനായിരുന്നു.ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി വിഷയാവതരണം നടത്തി.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.ആര്‍. വിദ്യ, ഡിഎംഒ (ഐഎസ്എം) ഡോ സുബ്രഹ്മണ്യന്‍, ഡിഎംഒ (ഹോമിയോ) ഡോ റെജി കെ, സ്റ്റേറ്റ് റിസോര്‍സ് പേഴ്‌സണ്‍ സിബി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കും. ഒപി സംവിധാനങ്ങളുടെ നവീകരണം, ജില്ലാ താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തന മേഖല വിപുലമാക്കല്‍, രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക തുടങ്ങിയവ ആര്‍ദ്രത്തിന്റെ ഭാഗമായി നടപ്പാക്കും.
വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലും പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
പൊതുസേവനരംഗത്തെ നൂതനാശയത്തിനുള്ള അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: മുഖ്യമന്ത്രിയുടെ പൊതുസേവനരംഗത്തെ നൂതനാശയത്തിനുള്ള (ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി (2016)) അവാര്‍ഡിനായി നാമനിര്‍ദേശം ക്ഷണിച്ചു. അപേക്ഷകള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് മാര്‍ച്ച് 31 നകം ഡയറക്ടര്‍, ഐ.എം.ജി, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്കണം. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സിഡിഎസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണാധികാരസ്ഥാപനങ്ങള്‍, സര്‍ക്കാരിതരസംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ജൂറി നാമനിര്‍ദേശങ്ങള്‍ പരിശോധിക്കും. വിജയിയാവുന്ന വകുപ്പ്/സ്ഥാപനത്തിന് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.img.kerala. gov.in ഫോണ്‍: 0471 2303230, 2304920, 2305573, 2305436
സംസ്ഥാന നെഹ്‌റു യുവകേന്ദ്രയില്‍ 354 വോളന്റിയര്‍മാരുടെ ഒഴിവ്
തിരുവനന്തപുരം: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കിഴിലുള്ള സംസ്ഥാനത്തെ നെഹ്‌റു യുവ കേന്ദ്ര ഓഫീസുകളില്‍ 354 വോളന്റീയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് വോളന്റീയര്‍മാരുടെ മുഖ്യചുമതല. ജില്ലകളിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തനം പരിപോഷിപ്പിക്കുകയും യുവജനപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും വേണം. അതത് ജില്ലകളിലെ കളക്ടറര്‍മാര്‍ ചെയര്‍മാനായിട്ടുള്ള സമിതി നടത്തുന്ന ഇന്റര്‍വ്യൂ വഴിയാണ് നിയമനം നടത്തുക. താത്പര്യമുള്ള പത്താംക്ലാസ് പാസ്സായ 18 നും 29 മധ്യെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലയിലെ നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471 2301206.
Comments
Post a Comment