കൊച്ചി: കേരളതീരത്ത് കാണപ്പെടുന്ന ചാകര (മഡ് ബാങ്ക്സ്) യെ കുറിച്ചും ഇതിൻറെ സാമൂഹ്യ സ്വാധീനത്തെക്കുറിച്ചും ആശങ്കളെക്കുറിച്ചും വിശദമായ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ദേശീയ ശിൽപ്പശാലയ്ക്ക് കൊച്ചി വേദിയാകുന്നു. സി എസ് ഐ ആർ - നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഒഷീനോഗ്രഫി റീജിയണൽ സെൻറർ സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഫെബ്രുവരി 10, 11 തീയതികളിൽ ബോൾഗാട്ടി പാലസിൽ നടക്കും. മഡ് ബാങ്ക്സ് എന്ന് ശാസ്ത്ര സമൂഹത്തിൽ അറിയപ്പെടുന്ന ചാകരയുടെ സാമൂഹ്യ സ്വാധീനം, ചാകരക്കുള്ള കാരണങ്ങൾ, പാരിസ്‌ഥിതിക ഘടന തുടങ്ങിയവയെക്കുറിച്ച് ഏറെക്കാലമായി പഠനം നടത്തി വരികയാണ് സി എസ് ഐ ആർ - നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഒഷീനോഗ്രഫി റീജിയണൽ സെൻറർ. ഇതിൻറെ പശ്ചാത്തലത്തിലാണ് ശാസ്ത്ര സമൂഹത്തിൻറെ വിശദമായ ചർച്ചയ്ക്ക് വേദിയൊരുക്കുന്നത്.
രാവിലെ 9.30 ന് ബോൾഗാട്ടി പാലസിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ, സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, സി എം എൽ ആർ ഇ ഉപദേഷ്ടാവ് ഡോ. എം സുധാകർ, എൻ ഐ ഒ കൊച്ചി റീജിയണൽ സെന്റർ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. ടി പങ്കജാക്ഷൻ, എൻ ഐ ഒ ഗോവ ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, ഡോ. എൻ വി മധു, ഡോ. എ പാർവതി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നാല് സെഷനുകളിലായി സമുദ്രപഠന വിദഗ്ധർ ക്ളാസുകൾ നയിക്കും. ശനിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് നടക്കുന്ന സമാപന ചടങ്ങിൽ എർത്ത് കമ്മീഷൻ ചെയർമാനും ഭൂമി ശാസ്ത്ര മന്ത്രാലയ സെക്രട്ടറിയുമായ ഡോ. എം രാജീവൻ നായർ മുഖ്യാതിഥിയാകും.
മൺസൂൺ കാലത്ത് മത്സ്യവും ചെമ്മീനും വലിയതോതിൽ ഒന്നിച്ചു അടിഞ്ഞു കൂടുന്ന പ്രതിഭാസമാണ് ചാകര. അയല, ചാള , ചെമ്മീൻ തുടങ്ങിയ മത്സ്യക്കൂട്ടം ഒത്തുചേർന്നുണ്ടാകുന്ന ചാകര ആഹ്ലാദത്തിന്റെയും പണക്കൊയ്ത്തിന്റെയും നിമിഷങ്ങളാണ് മത്സ്യത്തൊഴിലാളികളിൽ ഉണ്ടാക്കുന്നത്. ജൂൺ , ജൂലൈ മാസങ്ങളിൽ കാണപ്പെടുന്ന ചാകര ചിലയവസരങ്ങളിൽ ആഗസ്റ്റ് വരെ നീണ്ടു പോകാറുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ സാമൂഹ്യ സാമ്പത്തിക പ്രസക്തിക്കപ്പുറം ബീച്ചുകളിലെ മണ്ണൊലിപ്പ് തടയുന്നതിനും ചാകര സഹായകമാകുന്നുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ശാന്തവും ചെളി നിറഞ്ഞ വെള്ളമുള്ളതും ജീവശാസ്ത്രപരമായ രൂപീകരണവുമാണ് ചാകര. കേരളത്തോടടുത്ത തീരങ്ങളിൽ കനത്ത തിരയുള്ളപ്പോഴാണ് ചാകര കൂടുതലായി കാണപ്പെടുന്നത്.
ചാകരയ്ക്ക് പിന്നിലെ ശാസ്ത്രത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുമ്പോൾ ചെളി കടലിലേക്ക് ഒഴുകുകയും ഇതടിഞ്ഞു കൂടി ചാകരയായി മാറുമെന്നും ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ചില ഓർഗാനിക് പദാർഥങ്ങളുടെ ക്രമാതീതമായുള്ള ലഭ്യത മത്സ്യങ്ങളെ കൂട്ടമായി ആകർഷിക്കുന്നതാണ് ചാകരയ്ക്ക് കാരണമെന്ന് മറ്റു ചിലർ വാദിക്കുന്നു. ഇതേക്കുറിച്ച് നിരവധി വ്യക്തികളും സ്‌ഥാപനങ്ങളും ഗവേഷകരും പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ചാകരയുടെ ഉത്ഭവത്തെ കുറിച്ച് തൃപ്തികരമായ ഒരു വിശദീകരണം ഇത് വരെ ലഭിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ നടക്കുന്ന ദേശീയ ശിൽപ്പശാലയ്ക്ക് പ്രസക്തിയേറുന്നത്. ചാകരയെക്കുറിച്ചുള്ള പഴയ പഠനങ്ങളും പുതിയ കണ്ടെത്തലുകളും വിശദമായി ചർച്ച ചെയ്യാനും ചാകരയെ കുറിച്ചുള്ള വാദഗതികൾ ക്രിയാത്മകമായി ചർച്ച ചെയ്യുന്നതിനുമാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നതെന്ന് സി എസ് ഐ ആർ - എൻ ഐ ഒ ഗോവ ഡയറക്ടർ ഡോ. പ്രസന്നകുമാർ ചൂണ്ടിക്കാട്ടി. ചാകരയെ കുറിച്ചുള്ള ആധുനിക പഠനങ്ങളിലെ കണ്ടെത്തലുകൾ, വിദഗ്ധാഭിപ്രായങ്ങൾ എന്നിവ ശിൽപ്പശാലയിൽ വിപുലമായി അപഗ്രഥനത്തിന് വിധേയമാക്കുമെന്നും ഭാവി പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൻ ഐ ഒ ശാസ്ത്രജ്ഞർ ചാകരയുടെ പാരിസ്‌ഥിതികവും ജീവശാസ്ത്രപരവുമായ വ്യതിയാനങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതേകുറിച്ച് സമൂഹത്തെ അറിയിക്കാനുള്ള വേദി കൂടിയാണ് ദേശീയ സെമിനാറെന്നും സി എസ് ഐ ആർ - എൻ ഐ ഒ കൊച്ചി റീജിയണൽ സെൻറർ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. ടി.പങ്കജാക്ഷൻ അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ ഗവേഷക കൗതുകം വർധിപ്പിക്കുന്നതിയായി വിദ്യാർഥികളും ശാസ്ത്ര സമൂഹവുമായുള്ള ആശയസംവാദ സെഷനുകളും ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments
Post a Comment