എഴുന്നള്ളത്തില്‍ നാട്ടാന പരിപാലന ചട്ടം
കര്‍ശനമാക്കാന്‍ തീരുമാനം
കൊച്ചി: ആരാധനാലയങ്ങളിലെ ആഘോഷവേളകളിലും മറ്റ് പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. ചട്ടം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള വകുപ്പുകളുടെ അനുമതി തേടാതെ നടത്തിയ പരിപാടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. സര്ജന് റാങ്കിലുള്ള മൃഗഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ എഴുന്നള്ളത്തില്‍ അണിനിരത്താന്‍ അനുവദിക്കില്ല.
നാട്ടാനകള്ക്കെതിരെയുള്ള പീഡനം തടയുന്നതിനുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ ജില്ലാതല യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു.
നാട്ടാന പരിപാലന ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന അനുമതികള്‍ വാങ്ങാതെയാണ് ജില്ലയില്‍ പല ഭാഗത്തും ആനകളെ എഴുന്നള്ളിക്കുന്നത്. പൊലീസ്, റവന്യൂ, വനം, മൃഗക്ഷേമ വകുപ്പുകളുടെ അനുമതി ആനകളെ പ്രദര്‍ശിപ്പിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും നിര്‍ബന്ധമാണ്. ആനകള്‍ക്ക് മതിയായ ഭക്ഷണം, വെള്ളം, വിശ്രമം എന്നിവ ഉടമസ്ഥരും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരും ഉറപ്പു വരുത്തണം. കടുത്ത വേനല്‍ വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലയില്‍ അഞ്ച് ആനകളെ കൂടുതല്‍ അണിനിരത്തുന്ന പരിപാടികളെ കുറിച്ചും തലപ്പൊക്ക മത്സരം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും. ഉത്സവങ്ങളില്‍ കേരള സ്റ്റേറ്റ് ഫെസ്റ്റിവര്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ വോളന്റിയര്‍മാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ സംഘാടകര്‍ പാലിക്കണം. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലും നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്. ചട്ടലംഘനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഉടനെ തന്നെ നടപടി സ്വീകരിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച ജില്ലാ തല മോണിറ്ററിങ് സമിതിയില്‍ ദേവസ്വം ബോര്‍ഡുകള്‍, ഫെസ്റ്റിവല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി, എസ്.പി.സി.എ, ആന ഉടമാസംഘം, തൊഴിലാളി യൂണിയനുകള്‍, മൃഗക്ഷേമ ബോര്‍ഡ്, ഫയര്‍ ആന്റ് റെസ്ക്യൂ, പൊലീസ്, വനം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളാണ്.
സംവരണത്തിലെ അപാകതകള്‍ സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും: നിയമസഭാ സമിതി
കൊച്ചി: പിന്നോക്ക സമുദായ സംവരണത്തിലെ അപാകതകള്‍ സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന ആവശ്യമായി വരുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന സമര്‍പ്പിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷനായ സമിതി, എറണാകുളം ജില്ലാ കളക്ടറേറ്റില്‍ നടത്തിയ സിറ്റിങില്‍ വ്യക്തമാക്കി.
പരമ്പരാഗത കളിമണ്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വേളാര്‍ സമുദായത്തിന് നിലവില്‍ നല്കി വരുന്ന ധനസഹായം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. പാത്ര നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണ് ശേഖരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. വന്‍തോതില്‍ കളിമണ്‍ ഖനനം നടത്തുന്നവര്‍ക്കെതിരായ നടപടികള്‍ പരമ്പരാഗത തൊഴിലാളികളെ ബാധിക്കരുത്. ഇക്കാര്യത്തില്‍ പൊലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്കാന് ശുപാര്‍ശ ചെയ്യും. പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ്മ, വീരശൈവ, ചവളര്‍ വിഭാഗക്കാര്‍ സമര്‍പ്പിച്ച പരാതികളും ഗൗരവമായി പരിഗണിക്കുമെന്ന് സമിതി വ്യക്തമാക്കി.
ചവളര്‍ സമുദായത്തിന് മറ്റര്‍ഹ സമുദായ(ഒ.ഇ.സി)ത്തിന്റെ സമ്പൂര്‍ണ പദവി ലഭ്യമാക്കണമെന്ന് കോതമംഗലം ആസ്ഥാനമായ ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി നിയമസഭാ സമിതി മുമ്പാകെ ആവശ്യപ്പെട്ടു. സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. കേന്ദ്ര സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളില്‍ കേന്ദ്ര നിയമ പ്രകാരമുള്ള സംവരണം ഏര്‍പ്പെടുത്താന്‍ യു.ജി.സിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സിവില്‍ സര്‍വീസില്‍ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങളെ കുറിച്ച് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തണമെന്നും സിറ്റിങില്‍ ആവശ്യമുയര്‍ന്നു. പിന്നോക്ക സമുദായ സംഘടനകള്‍ നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമികള്‍ക്ക് ധനസഹായം അനുവദിക്കണം. വരുമാന പരിധിയുടെ പേരില്‍ വിദ്യാഭ്യാസാവകാശങ്ങള്‍ ഹനിക്കുന്ന സമീപനം തിരുത്താന്‍ നിയമസഭാ സമിതി ഇടപെടണമെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. പ്ലസ് ടു തലം മുതല്‍ ബിരുദ - ബിരുദാനന്തര ബിരുദ തലത്തിലും സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലും സംവരണത്തിന് നോണ്‍ ക്രീമിലെയര്‍ പദവി ഏകീകൃത മാനദണ്ഡമായി നിശ്ചയിക്കണം. നോണ്‍ ക്രീമിലെയര്‍ അര്‍ഹതയ്ക്കുള്ള വാര്‍ഷിക വരുമാന പരിധി ആറു ലക്ഷത്തില്‍ നിന്നും 12 ലക്ഷം രൂപയാക്കണമെന്നും മെക്ക ഭാരവാഹികള്‍ പറഞ്ഞു.
നിയമസഭ സമിതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ പി.കെ. ശശി, കെ. ആന്‍സലന്‍, എല്‍ദോസ് കുന്നപ്പിള്ളി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.കെ. പ്രകാശ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
അനാഥാലയങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും
സംസ്ഥാനതല കുടുംബ സംഗമം നാളെ
കൊച്ചി: അനാഥാലയങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും സംസ്ഥാനതല കുടുംബ സംഗമം നാളെ (ജനുവരി 14) രാവിലെ 9.30 മുതല്‍ എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് മൂന്നിന് ചേരുന്ന സമാപനസമ്മേളനം ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
സമാപന സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. മുംതാസ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം രജി പ്രകാശ്, ഒ.സി.ബി ചെയര്മാന് ഫാ.റോയ് മാത്യൂ വടക്കേല്‍, ഒ.സി.ബി മെമ്പര്‍ സെക്രട്ടറി അഡ്വ.എസ്.സിന്ധു, ഓര്‍ഫനേജ് അസോസിയേഷന് പ്രസിഡന്റ് മാത്യൂ.കെ.ജോണ്‍, ഒ.സി.ബി മെമ്പര്‍ സിസ്റ്റര്‍ മെറിന് സി.എം.സി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വിത്സണ് തുടങ്ങിയവര്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ വരുന്നവര്‍ക്ക് ആലുവ റെയില്‍വെ സ്റ്റേഷന്/കെ.എസ്.ആര്.ടി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും രാവിലെ ഒമ്പതു മുതല്‍ 10 വരെ എസ്.ഒ.എസ് വില്ലേജിന്റെ വാഹനസൗകര്യം ലഭ്യമാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2425377, 8281999008.
വരയുടെ പെണ്മ: അനുഭവങ്ങളുടെ ക്യാന്‍വാസില്‍
ചിത്രമെഴുതാന്‍ കുടുംബശ്രീ
കൊച്ചി: വരയുടെ വര്‍ണലോകത്ത് മാറ്റുരയ്ക്കാനും ഇനി കുടുംബശ്രീ. കൊച്ചി മുസിരിസ് ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ പരിശീലന കളരി 'വരയുടെ പെണ്മ'യിലാണ് സംസ്ഥാനത്തെ 42 കുടുംബശ്രീ വനിതകള്‍ അതിജീവനാനുഭവങ്ങളുടെ തീക്ഷ്ണവര്ണങ്ങളില് ചിത്രമെഴുതാനെത്തുക.
സാംസ്കാരിക രംഗത്ത് അയല്‍ക്കൂട്ട വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിത്രകലാ പരിശീലന കളരി സംഘടിപ്പിക്കുന്നത്. കഴിവുകളുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ചിത്രകലാ പരിശീലനം. 'സ്ത്രീ എന്ന നിലയില്‍ നേരിട്ട വെല്ലുവിളി' എന്ന വിഷയം ആസ്പദമാക്കി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ നിന്നും വിജയികളായവരെയാണ് ബിനാലെയോടനുബന്ധിച്ചു നടത്തുന്ന ശില്പശാലയില് പങ്കെടുപ്പിക്കുന്നത്. അഞ്ചു ദിവസം നീളുന്ന പരിശീലന കളരി ഇതിന്റെ ഭാഗമാണ്. ഇതോടൊപ്പം കലയും വിവിധ സംസ്കാരവും സമന്വയിക്കുന്ന ബിനാലെ കാണാനുള്ള അവസരവും കുടുംബശ്രീ വനിതകള്‍ക്ക് ലഭിക്കും.
ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാളില്‍ ചിത്രകലാ പരിശീലന കളരിയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയാകും. കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, സീനത്ത് റഷീദ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ഹെഡ് ഓഫ് എ.ബി.സി പ്രോഗ്രാം മനു ജോസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജി.എസ് അമൃത, എറണാകുളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ സോയ തോമസ് എന്നിവര്‍ പങ്കെടുക്കും.
ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായ പദ്ധതികള്‍
കൊച്ചി: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുഖേന എറണാകുളം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളായ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണ യൂണിറ്റുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, ഉന്തുവണ്ടികള്‍, സംസ്കരണ യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രൊജക്ട് അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കും. കീടരോഗ നിയന്ത്രണത്തിനുളള സ്പ്രെയറുകള്‍, പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു കൊണ്ടുളള പുതയിടല്‍, ഷെയ്ഡ്നെറ്റ് എന്നിവയ്ക്കും ധനസഹായം ലഭിക്കും. താത്പര്യമുളളവര്‍ അതത് കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
കാര്‍ വാടകയ്ക്ക്; ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീല്‍ഡ്തല പരിശോധനകള്ക്കൂം ഓഫീസ് ആവശ്യത്തിലേക്കുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് അഞ്ച് എ.സി കാറുകള്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ബ്ലോക്ക്തല പട്ടികജാതി വികസന ഓഫീസുകളിലേക്ക് വാടകയ്ക്ക് എടുക്കുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിക്കുന്നത്. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുത്. ടാക്സി പെര്‍മിറ്റ് നിലവിലുണ്ടായിരിക്കണം. ഓരോ കിലോമീറ്ററിനുമുളള നിരക്ക് എത്രയെന്ന് ക്വട്ടേഷനില്‍ കാണിക്കണം. ഡ്രൈവര്‍മാരുടെ ശമ്പളം പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ഡൈവര്‍മാര്‍ക്ക് ഈ വാഹനങ്ങള്‍ ഓടിക്കുന്നതിന് ആവശ്യമായ വാലിഡിറ്റിയുടെ അംഗീകൃത ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. വാഹനങ്ങള്‍ ആലുവ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, വൈപ്പിന്‍, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തേണ്ടതാണ്. ക്വട്ടേഷന്‍ ജനുവരി 23-ന് ഉച്ചയ്ക്ക് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.
നൈപുണ്യ വികസനത്തില്‍ ഏകദിന സെമിനാര്‍
കൊച്ചി: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും സഹകരിച്ച് നൈപുണ്യ വികസനത്തെ ആധാരമാക്കി ബ്രിഡ്ജ്-2017 ഏകദിന ശില്പശാല ഇന്നു രാവിലെ 9.30 മുതല്‍ പനമ്പിളളി നഗര്‍ സെന്റര്‍ ഹോട്ടലില്‍ നടക്കും.
തൊഴില്‍ സാധ്യതകളെ തിരിച്ചറിയുകയും നൈപുണ്യ പരിശീലനം നല്‍കുകയുമാണ് ശില്പശാലയുടെ പ്രധാന ഉദ്ദേശ്യം. വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖ്യാതിഥിയായി സംബന്ധിക്കുന്ന ശില്പശാലയില് അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എം.ടി റെജു, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് ഡോ. പ്രശാന്ത് ദേശ്പാണ്ഡെ, പ്രൈം ഫോക്കസ് വേള്‍ഡ്.കോം വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ മസ്ഹെരന്നസ് എന്നിവര്‍ പ്രഭാഷണം നടത്തും.
അപ്രന്റിസ്ഷിപ് നിയമങ്ങള്‍ വ്യവസായ രംഗത്ത് എന്ന വിഷയത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യ വികസനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റു വ്യവസായ സംരംഭങ്ങള്‍ക്കും ഉളള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ശില്പശാലയില് ചര്‍ച്ച നടക്കും. വ്യവസായ മേഖലയിലെ ഉന്നതര്‍ സംബന്ധിക്കുന്ന ശില്പശാല അസാപ് പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സുഗമമായി നടത്തുന്നതിനുളള വ്യവസായ മേഖലയുടെ പങ്ക് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ശില്പശാലയില് പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബന്ധപ്പെടുക. 9495999771, 0471-2772501, 0484-4058041/42, 9746903555.
മോക്ക് ഡ്രില്‍ നടത്തി
കൊച്ചി: ഉദ്യോഗമണ്ഡല്‍ ഇ.എസ്.ഐ.സി ആശുപത്രിയില്‍ അഗ്നിശമന ബോധവല്‍ക്കരണവും പ്രായോഗിക പരിശീലനവും ലക്ഷ്യമിട്ട് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. ഏലൂര്‍ ഡിവിഷന് സ്റ്റേഷന് ഫയര്‍ ഓഫീസര്‍ പി.ജെ. ജൂഡ് തിയോഡസ് നേതൃത്വം നല്കി. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അസി. സ്റ്റേഷന് ഓഫീസര്‍ ഇ.ബി. രാമകൃഷണന് ക്ലാസെടുത്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദീപക് കുമാര്‍ ജെയിന്, ഡോ. എസ്. നീന എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment