കൊച്ചി : രാഷ്‌ട്രീയ കൊലപാതകങ്ങളിൽ അണികളാണ് ഇരകളാവുന്നതെന്നും പാർട്ടികൾ നേട്ടത്തിനു വേണ്ടി ഇവരെ രക്തസാക്ഷികളെന്നു വിളിക്കുകയാണെന്നും ഹൈക്കോടതിയുടെ വിമർശനം. ഇത്തരം ക്രൂരമായ ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രങ്ങളായ ഉന്നത നേതാക്കൾ എന്നും സുരക്ഷിതരായിരിക്കും. ഇവർ രക്തസാക്ഷി ദിനങ്ങൾ ആഘോഷിച്ച് മുതലക്കണ്ണീർ പൊഴിക്കുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കണ്ണൂർ അരീക്കൽ അശോകൻ വധക്കേസിൽ തലശേരി അഡി. സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ ആദ്യ നാലു പ്രതികൾ നൽകിയ അപ്പീലിൽ ഇവരെ വെറുതേവിട്ടുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾ മനുഷ്യജീവന് പ്രത്യയ ശാസ്ത്രത്തിന്റെ വിലപോലുമില്ലെന്ന സന്ദേശമാണ് നൽകുന്നത്. വിവിധ രാഷ്‌ട്രീയ പാർട്ടികളുൾപ്പെട്ട ജനാധിപത്യ വ്യവസ്ഥയിൽ വ്യത്യസ്ത രാഷ്‌ട്രീയ അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നതു മറന്ന് എതിരാളികളെ ഇല്ലാതാക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. മാനവരാശിയുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ളതാണ് പാർട്ടികളെന്ന കാര്യം അണികൾ മറന്നു പോകുന്നു. മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കന്നത് കാടത്തമാണ്. കണ്ണൂരിലെ അരീക്കൽ അശോകൻ വധവും ഇത്തരമൊരു കഥയാണ് പറയുന്നതെന്നും ഹൈക്കോടതി വിലയിരുത്തി.
കാക്ക ഷാജി എന്നുവിളിക്കുന്ന മൊട്ടമ്മൽ ഷാജി, കാര്യുള്ളതിൽ സജിത്ത്, മുള്ളൻകുന്നുമേൽ ഉത്തമൻ, മൂടന്റവിട റിജേഷ് എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതേവിട്ടത്. 2000 ഡിസംബർ അഞ്ചിനാണ് സി.പി.എം പ്രവർത്തകൻ അരീക്കൽ അശോകൻ കൊല്ലപ്പെട്ടത്. അശോകന് മറ്റൊരു സി.പി.എം പ്രവർത്തകന്റെ സഹോദരിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നും ഇതു മറയ്ക്കാനാണ് ബി.ജെ.പിക്കാരായ തങ്ങളെ പ്രതി ചേർത്തതെന്നുമായിരുന്നു പ്രതികളുടെ വാദം. ഇതോടൊപ്പം കേസ് ഡയറിയും സാക്ഷിമൊഴികളും പരിശോധിച്ച ഡിവിഷൻ ബെഞ്ച് തലശേരി അഡി. സെഷൻസ് കോടതിയിൽ (അഡ്ഹോക്ക് -2) നടത്തിയ വിചാരണയിൽ വീഴ്‌ചയുണ്ടെന്ന് വിലയിരുത്തി. കേസ് ഡയറിയിലെ മൊഴികൾ പിന്നീട് വിചാരണയ്ക്കിടെ സാക്ഷികൾ മാറ്റിപ്പറഞ്ഞിട്ടും കോടതി കേസ് ഡയറിയിലെ മൊഴിയാണ് പരിഗണിച്ചത്. സെഷൻസ് ജഡ്‌ജി ഇങ്ങനെ ചെയ്തത് ക്രിമിനൽ കേസ് വിചാരണയിൽ അങ്ങേയറ്റം നിയമവിരുദ്ധമായ കാര്യമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സത്യം കണ്ടെത്താൻ വിചാരണയുടെ ഏതു ഘട്ടത്തിലും സാക്ഷിയെ വിളിച്ചു വരുത്താൻ കോടതിക്കു കഴിയുമെന്നിരിക്കെ ഇതു ചെയ്തില്ല. കീഴ്‌ക്കോടതിയിലെ മുതിർന്ന ഒരു ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്തു നിന്നുണ്ടായ ഈ നീതിപൂർവമല്ലാത്ത നടപടിയിൽ അങ്ങേയറ്റം ആശങ്കയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് പ്രതികൾക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണ് ഇവരെ വെറുതേ വിട്ടത്.
Comments
Post a Comment