കൊച്ചി: നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപമാനത്തിന്റെ പടുകുഴിയിലാക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തമമാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ള സ്ഥാപനങ്ങളാണെങ്കില്‍ പോലും അപമാനകരമായ സംഭവങ്ങളാണ് സമൂഹം ശ്രദ്ധിക്കുക. സമൂഹത്തിന്റെ നല്ല പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ എല്ലാവരുടെയും ഭാഗത്തു നിന്ന് ശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം അഭിമാനത്തോടെ കാണുന്ന കലാലയമാണ് മഹാരാജാസ് കോളേജ്. ഇതിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവര്‍ക്കും ആ കരുതല്‍ വേണം. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ആത്മപരിശോധന നടത്തി തിരുത്തണം. തെറ്റ് മനുഷ്യസഹജമാണ്. തിരുത്താനുള്ള ആര്‍ജവമാണ് പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇളംപ്രായക്കാരായ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരായ അധ്യാപകരുമുണ്ട്. എന്തിനോടും മുട്ടിനോക്കാന്‍ ചോരത്തിളപ്പുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകരാകട്ടെ മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംയമനം പാലിച്ച് വിദ്യാര്‍ത്ഥികള്‍ തെറ്റിലേക്ക് പോകാതിരിക്കാന്‍ വഴി കാട്ടേണ്ടവരുമാണ്. ഇളം തലമുറയില്‍ തെറ്റു കാണുമ്പോള്‍ തിരുത്താനുള്ള ബാധ്യതയും ചുമതലയും അവര്‍ക്കുണ്ട്.
കലാലയ ക്യാമ്പസുകളില്‍ രാഷ്ട്രീയം അനിവാര്യമാണ്. അതില്ലാതായാല്‍ അരാഷ്ട്രീയവും ജാതിമത വര്‍ഗീയ ശക്തികളും ക്രിമിനല്‍ സംഘങ്ങളും അവിടെ പിടിമുറുക്കും. അതേസമയം രാഷ്ട്രീയമായ ഭിന്നതകള്‍ ശാരീരികമായ സംഘര്‍ഷത്തിലേക്ക് പോകരുത്. ആദര്‍ശങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലാണുണ്ടാകേണ്ടത്. കലാലയ ക്യാമ്പസുകളുടെ വളര്‍ച്ചയ്ക്ക് നിദാനവും ഈ സംവാദമാണ്. എന്നാല്‍ രാജ്യത്തെ പ്രശസ്ത കലാലയങ്ങളായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയവ ഇപ്പോള്‍ അറിയപ്പെടുന്നത് മറ്റ് പ്രശ്‌നങ്ങളുടെ പേരിലാണ്. ഇവിടങ്ങളില്‍ മതേതര, ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെതിരെ ജാഗ്രത വേണം.
ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന് സഹായകമായ പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആവിഷ്‌കരിക്കും. ഗവേഷണത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ലൈബ്രറി, ലാബറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡിജിറ്റല്‍വല്‍ക്കരണത്തിന് മുന്തിയ പരിഗണന നല്‍കും. സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകളെ ദേശീയ, രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനവികതയുടെ മഹാവിളംബരമാണ് മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുന്ന മഹാരാജകീയമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. എലിമെന്ററി സ്‌കൂളായി തുടങ്ങി 172 വര്‍ഷത്തെ ദീര്‍ഘമായ ചരിത്രത്തിനും പാരമ്പര്യത്തിനും ഉടമയാണ് ഈ കലാലയം. വ്യക്തികളെ ശരിയായ രീതിയില്‍ വാര്‍ത്തെടുക്കുന്നത് അവരുടെ കലാലയ ജീവിതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗമത്തിനെത്തിയവര്‍, ഈ കലാലയത്തോട് അവര്‍ പുലര്‍ത്തുന്ന ഹൃദയബന്ധത്തിന് തെളിവാണ്. പുതിയ തലമുറയ്ക്ക് പ്രചോദനമാണ് ഈ പൂര്‍വ വിദ്യാര്‍ത്ഥി സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാജാസ് കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 46 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലാണ്. 29 കോടി രൂപയുടെ പദ്ധതികളും ആലോചനയിലിരിക്കുന്നു. പുതിയ കോഴ്‌സുകളും കോളേജില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. മഹാരാജകീയം സുവനീറിന്റെ പ്രകാശനം മുഖ്യമന്ത്രിക്ക് നല്‍കി മമ്മൂട്ടി നിര്‍വഹിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ഷാജി.പി. ചാലി, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് കെ. സുകുമാരന്‍, വയലാര്‍ രവി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, പ്രൊഫ. എം.കെ. സാനു, പി. രാജീവ്, വൈക്കം വിശ്വന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ഡോ. വി.പി. ഗംഗാധരന്‍, കെ.ആര്‍. വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീന, എസ്.എ. മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
Post a Comment