കൊച്ചി: സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകളുടെ പരിസരങ്ങളില്‍ ലഭ്യമായ സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്തുന്നത് ഈ ദിശയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കരുത്തു പകരും. ജനങ്ങള്‍ക്ക് മാതൃകയാകാനും ഇതിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ ഹരിത പോലീസ് സ്റ്റേഷനായ മുളവുകാട്, സ്റ്റേഷന്‍ വളപ്പില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നല്ല മണ്ണിനും വെള്ളത്തിനും മാലിന്യനിര്മാര്ജ്ജനത്തിനുമാ യി സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിതകേരളം മിഷന്‍ മികച്ച ഫലങ്ങളാണുളവാക്കുന്നത്. ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിച്ചതിലൂടെ കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തിനാവശ്യമായ പച്ചക്കറിയില്‍ നല്ലൊരു ഭാഗം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്. ശര്‍മ്മ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി പി. രാജീവ്, പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, അസി. കമ്മീഷണര്‍ കെ. ലാല്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
Post a Comment