കൊച്ചി: സംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിന്റെ കരുത്തും കാതലുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരസ്പര വിനിമയത്തിലൂടെ യോജിപ്പിലെത്താന്‍ ഇന്നുവരെ ലഭ്യമായിട്ടുള്ളതില്‍ ഉത്തമമായ മാര്‍ഗമാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ജനാധിപത്യമെന്നത് കേവലം വോട്ടവകാശമല്ല. എല്ലാ വ്യവഹാരകേന്ദ്രങ്ങളെയും ബാധിക്കുന്ന സര്‍വവ്യാപിയായ മൂല്യവ്യവസ്ഥയാണത്. നാടിന്റെ അന്തരീക്ഷത്തില്‍ സഹിഷ്ണുതയുടെ സന്ദേശം നല്‍കാന്‍ ജനാധിപത്യത്തിന് കഴിയും. സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് സമാധാനജീവിതത്തിന്റെ അടിത്തറ. ഇതിന്റെ നിയമപരമായ പരിരക്ഷയാണ് ഭരണഘടനയാല്‍ സ്ഥാപിതമായിരിക്കുന്ന ജനാധിപത്യത്തിന്റെ ലക്ഷ്യം. സ്വന്തം ജീവിതത്തില്‍ വിവേചനം എന്താണെന്ന് തൊട്ടറിഞ്ഞ ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതാനുഭവങ്ങള്‍ കൂടി ഇന്ത്യയുടെ ഭരണഘടനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സംസ്‌കാരമെന്നത് ഏകശിലാരൂപമല്ല. അത് കലര്‍പ്പിന്റെ ഉത്സവമാണ്. ആര്‍ജിച്ചെടുത്ത വിജ്ഞാനങ്‌ളുടെ മഹാസംഭരണിയാണത്. അത്തരത്തില്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത അനുഭവങ്ങളുടെ സമാഹാരമാണ് ഇന്ത്യയെന്ന രാഷ്ട്രം. ആ രാഷ്ട്രത്തിന്റെ സംരക്ഷണമാണ് ഭരണഘടന നിര്‍വഹിക്കുന്നത്. ബഹുസ്വരതയും സഹവര്‍ത്തിത്വവും ചേര്‍ന്ന വൈവിധ്യമാണ് ജനാധിപത്യത്തെ ശ്രദ്ധേയമാക്കുന്നത്. കലാലയങ്ങളുടെ ചലനാത്മകതയും സര്‍ഗാത്മകതയും കുറക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കോടതിയുടെ നിലപാട് ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, എ.എം. യൂസഫ്, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, ഡോ. കെ. അരുണ്‍കുമാര്‍, ഡോ. എസ്. മുരളീധരന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പടം ക്യാപ്ഷന്‍
നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. വി.കെ. ബാബുപ്രകാശ്, ഹൈബി ഈഡന്‍, എസ്. ശര്‍മ, ഡോ. കെ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സമീപം.
വനിതാ കമ്മീഷന്‍
മെഗാ അദാലത്ത് ഇന്ന്
കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ഇന്ന് (8.11.2017) രാവിലെ 10 മുതല്‍ ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും. ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ അദാലത്തിന് നേതൃത്വം നല്‍കും.
താത്പര്യപത്രം ക്ഷണിച്ചു
കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോല്‍സവം 2017-18 നടത്തിപ്പിലേക്ക് ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ നടത്തി മുന്‍പരിചയമുളള പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഡിസംബര്‍ 22 മുതല്‍ ജനുവരി മൂന്ന് വരെ നടക്കുന്ന പരിപാടിക്കുളള മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സ്റ്റാള്‍ വരുമാനത്തിലൂടെയും ടിക്കറ്റ് കളക്ഷനിലൂടെയും കണ്ടെത്തി, ലാഭ വിഹിതം ഡിറ്റിപിസിയ്ക്ക് നല്‍കുന്നതിനുളള ഉത്തരവാദിത്വം ഏറ്റടുക്കാന്‍ താത്പര്യമുളളവര്‍ മാത്രം അപേക്ഷിക്കുക. പൂരിപ്പിച്ച താത്പര്യപത്രം നവംബര്‍ 18-ന് രാവിലെ 11-ന് മുമ്പായി ഡിറ്റിപിസി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2367334.
നിയമബോധവത്കരണം മൊബൈലിലൂടെ
കൊച്ചി: സംസ്ഥാന നിയമ സേവന അതോറിറ്റി (കെല്‍സ) റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിയമ സഹായ സംവിധാനം ഒരുക്കുന്നു. നിയമ സേവന അതോറിറ്റിയുടെ സേവനങ്ങളെ സംബന്ധിച്ച അറിയിപ്പുകള്‍ മൊബൈല്‍ ഫോണ്‍ ശബ്ദസന്ദേശങ്ങളായി ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്.
എറണാകുളത്തെ കെല്‍സ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് മൊബൈല്‍ ശബ്ദ സന്ദേശ സേവനം ഉദ്ഘാടനം ചെയ്തു. റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് വിവിധ നിയമ സേവന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ജില്ലാ ജഡ്ജിയും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ.സത്യന്‍ അറിയിച്ചു.
നിയമ സേവന ദിനമായ നവംബര്‍ ഒമ്പതു മുതല്‍ കേരളത്തിലെ ഒരു ലക്ഷം ജനങ്ങള്‍ക്കായി വിവിധ നിയമ സേവന സഹായ വിവരങ്ങള്‍ സൗജന്യമായി റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മൊബൈല്‍ സന്ദേശം വഴി എത്തിക്കും. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നഫാസ് നാസര്‍, കണ്ടന്റ് മാനേജര്‍ അനൂപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് പദ്ധതി: ആശ സനില്‍
കൊച്ചി: നിര്‍ധനരായ ക്ഷയരോഗബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു. എറണാകുളം ജില്ല ക്ഷയരോഗമുക്തമാക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി ജനപ്രതിനിധികള്‍ക്കായി കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു, അവര്‍.
2020നകം ജില്ലയെ ക്ഷയരോഗവിമുക്തമാക്കുവാനുള്ള ഉത്തരവാദിത്തം ഓരോ ജനപ്രതിനിധിയും എറ്റെടുക്കണമെന്നും ആശ സനില്‍ പറഞ്ഞു. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ വി.കെ മിനിമോള്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ടിബി ഓഫീസര്‍ ഡോ. എം. സുനില്‍കുമാര്‍, അമൃത മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ പി എസ് രാകേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോമാത്യൂസ് നമ്പേലി, ഡോ പി.കെ. സുനില്‍, ജില്ല ടി ബി ഓഫീസര്‍ ഡോ ശരത് ബി റാവു, ഡോ ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി നടത്തിയ ശില്‍പശാല ഐഎംഎ പ്രസിഡന്റ് ഡോ വര്‍ഗീസ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷതവഹിച്ചു.
Comments
Post a Comment